ഇറാനിലെ പ്രക്ഷോഭങ്ങളിൽ പന്ത്രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഇന്റർനാഷണൽ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ പ്രക്ഷോഭകർക്ക് അമേരിക്കൻ സഹായം ഉടൻ എത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സുരക്ഷാസേന കൂട്ടക്കുരുതി തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൂവായിരത്തോളം പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ജനുവരി 8, 9 തീയതികളിൽ മാത്രം 12,000-ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ ഇന്റർനാഷണൽ പറയുന്നത്. ഇറാനിലെ പ്രക്ഷോഭകരെ രാജ്യസ്‌നേഹികളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തു.
സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് ആഹ്വാനം. അമേരിക്കയുടെ സഹായം പ്രക്ഷോഭകർക്ക് ഉടൻ എത്തുമെന്നും സൈനിക നടപടിയുടെ സൂചന നൽകി ട്രംപ് വ്യക്തമാക്കി. ഇറാനിലെ ഭരണകൂടം അവസാനനാളുകളിലാണെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് പറഞ്ഞു. ഇറാൻ ജനതയുടെ സമത്വത്തിനും നീതിക്കുമായുള്ള മുറവിളികൾക്ക് ചെവി കൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭാ മനുഷ്യവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് വ്യക്തമാക്കി.
അമേരിക്ക സൈനിക മാർഗം തേടിയാൽ തിരിച്ചടിക്കുമെന്നാണ് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരഗ്ചിയുടെ മറുപടി. അതിനിടെ പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ പ്രവിശ്യയിലുള്ള ഇസ്ലാമിക് റവല്യൂഷണറി ഗാർഡിന്റെ താവളം പിടിച്ചെടുത്തതായി ഇറാനിയൻ-കുർദിഷ് വിമതസേന അവകാശപ്പെട്ടു. ഡിസംബർ 28-നാണ് ഇറാനിൽ വിലക്കയറ്റത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കുമെതിരെ പ്രക്ഷോഭം ആരംഭിച്ചത്.



