നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ രണ്ടു മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കുന്നംകുളം മണലൂർ മണ്ഡലങ്ങളിലേക്ക് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചില്ല. മേൽഘടകത്തിന്റെ തീരുമാനത്തിനനുസരിച്ച് ആയിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. കുന്നംകുളത്തേക്ക് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് മണ്ഡലങ്ങൾ ഒഴിച്ചിട്ടത്.
അതേസമയം പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് സിപിഐഎം നിർദേശിച്ചിരുന്നു . പാലക്കാട് മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന പി.സരിന്റെ പേര് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. യുഡിഎഫ് അടക്കം മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതി പാലക്കാട്ടെ പ്രഖ്യാപനമെന്നാണ് പാർട്ടിയിലെ ധാരണ. ആലത്തൂരിലും നെൻമാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും.
ആ സാഹചര്യത്തിൽ ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചു. നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമൻ്റെ പേരും നിർദേശിച്ചതായാണ് വിവരം. എന്നാൽ എംബി രാജേഷിന്റെ തൃത്താലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. എം.ബി.രാജേഷ് തൃത്താലയിൽ തുടരും. സിപിഐഎം മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിൽ സിറ്റിങ്ങ് എംഎൽഎമാരെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്.



