‘അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ നടൻ പ്രകാശ് രാജും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, നടൻ സിനിമയിൽ നിന്ന് പിന്‍മാറിയതായി അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പ്രകാശ് രാജ്.
‘സ്പിരിറ്റി’ൽ നിന്നും പിന്മാറിയെന്ന വാർത്ത പ്രകാശ് രാജ് നിഷേധിച്ചു. സിനിമയിലെ തന്റെ സീനുകളുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്നും വാട്സ്ആപ്പ് ഫാക്ടറികൾ ഊഹാപോഹങ്ങൾ മെനയുകയാണെന്നും നടൻ എക്സിൽ കുറിച്ചു.
“സ്പിരിറ്റ് എന്ന സിനിമയെപ്പറ്റി വിഷലിപ്തമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട്…എന്റെ സീനുകൾ ഇതുവരെ ഷൂട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. അപ്പോഴേക്കും നിങ്ങൾ വാട്സാപ്പ് ഫാക്ടറികൾ കഥകൾ മെനഞ്ഞുതുടങ്ങി,” എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
അടുത്ത വർഷം മാർച്ച് അഞ്ചിനാണ് ‘സ്പിരിറ്റ്’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്തി ദിമ്രിയാണ് സിനിമയിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. പുതുവത്സര ദിനത്തിൽ പുറത്തുവിട്ട ‘സ്പിരിറ്റ്’ ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നീളമുള്ള മുടിയും കട്ടിയുള്ള താടിയും മീശയുമായിട്ടാണ് പോസ്റ്ററിൽ പ്രഭാസ് പ്രത്യക്ഷപ്പെട്ടത്. ശരീരത്തിൽ ചതവുകളും തോളിലും കൈയിലും പുറത്തും നിരവധി ബാൻഡേജുകളുമായി ക്യാമറയ്ക്ക് പുറംതിരിഞ്ഞു നിൽക്കുന്ന പ്രഭാസിന് ഒപ്പം തൃപ്തിയേയും അവതരിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക്.
‘അർജുൻ റെഡ്ഡി’, ‘അനിമൽ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്കയും പ്രഭാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിനും തൃപ്തിക്കും പുറമേ, വിവേക് ഒബ്റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത് എന്നാണ് സൂചന. സന്ദീപ് റെഡ്ഡി വാങ്ക രചനയും എഡിറ്റിങ്ങും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വാങ്ക, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാങ്ക എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം കൂടാതെ മാൻഡറിൻ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലും ചിത്രം പുറത്തിറക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് വിവരം.



