മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ അണിയിച്ചൊരുക്കിയ ‘ഭ്രമയുഗം’ ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ നാളെ പ്രദർശിപ്പിക്കും. 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര തിളക്കത്തിന് പിന്നാലെയാണ് ഈ നേട്ടം. അക്കാദമി മ്യൂസിയത്തിന്റെ ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ എന്ന ചലച്ചിത്ര പ്രദർശന പരമ്പരയുടെ ഭാഗമായിട്ടാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഈ പരമ്പരയിൽ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമയാണ് ‘ഭ്രമയുഗം’. ജനുവരി 10ന് ആരംഭിച്ച ‘വേര്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ പരമ്പരയിൽ ‘ഫോക്ക് ഹൊറർ’ വിഭാഗത്തിൽ വരുന്ന ലോകോത്തര നിലവാരമുള്ള ചിത്രങ്ങളാണ് സ്ക്രീൻ ചെയ്യുന്നത്. ഓനിബാബ, ഹിസ് ഹൗസ്, ദി വിക്കർ മാൻ, അണ്ടർ ദി ഷാഡോ, യൂ വോണ്ട് ബി എലോൺ, ദി വിച്ച്, ലാ യൊറോണ, ഹക്സാൻ, മിഡ്‌സോമർ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെയാണ് ‘ഭ്രമയുഗം’ എത്തുന്നത്.
നാല് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് ‘ഭ്രമയുഗം’ നേടിയത്. ചിത്രത്തിൽ കൊടുമണ്‍ പോറ്റി, ചാത്തന്‍ എന്നീ വേഷങ്ങള്‍ അവതരിപ്പിച്ച മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സ്വഭാവ നടന്‍ (സിദ്ധാര്‍ഥ് ഭരതന്‍), പശ്ചാത്തലസംഗീതം (ക്രിസ്റ്റോ സേവ്യര്‍), മേക്കപ്പ് (റോണക്‌സ് സേവ്യര്‍) എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ലെറ്റര്‍ബോക്‌സിഡിന്റെ 2024ലെ ലോകത്തെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം രണ്ടാമതെത്തിയിരുന്നു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമിച്ച ‘ഭ്രമയുഗം’ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിച്ചത്.



