അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ബന്ദർ’ തിയേറ്ററുകളിലേക്ക് എത്തുന്നു. ബോബി ഡിയോൾ നായകനായ ചിത്രം മെയ് 22ന് പുറത്തിറങ്ങും. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം നേടിയെടുത്ത ശേഷമാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ‘ബന്ദർ’, 2025ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിക്കുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നായകൻ ബോബി ഡിയോൾ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരുമായി പങ്കുവച്ചത്.
‘അനിമൽ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ബോബി ഡിയോളിന്റെ വളരെ പ്രതീക്ഷയുള്ള പ്രോജക്ടുകളിൽ ഒന്നാണ് ‘ബന്ദർ’. എ.എം. ജ്യോതി കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ‘ഹരി ഹര വീര മല്ലു’ എന്ന തെലുങ്ക് ചിത്രത്തിലാണ് ബോബി ഡിയോൾ അവസാനമായി അഭിനയിച്ചത്. പവൻ കല്യാൺ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.
അതേസമയം, അനുരാഗ് സംവിധാനം ചെയ്ത ‘കെന്നഡി’ ഒടിടിയിൽ മികച്ച അഭിപ്രായങ്ങൾ നേടിയെടുക്കുകയാണ്. 2023ൽ കാൻ ചലച്ചിത്രമേളയിൽ പ്രീമിയർ ചെയ്ത ചിത്രം മൂന്ന് വർഷങ്ങൾക്ക് ശേഷം, നേരിട്ട് ഒടിടിയിലേക്ക് എത്തുകയായിരുന്നു. സീ 5വിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിയോ നോയർ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രദർശിപ്പിക്കുന്നത്.



