നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ, പ്രചാരണശൈലി മാറ്റാൻ ഒരുങ്ങി ബിജെപി. സംസ്ഥാനത്തിന് എതിരായ പ്രചാരണം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് ബിജെപി ട്രാക്ക് മാറ്റുന്നത്. വിദ്വേഷപ്രചാരണങ്ങൾ നടത്താതെ പാർട്ടി, സംസ്ഥാന താൽപ്പര്യത്തിന് ഒപ്പമാണെന്ന നിലയിൽ പ്രചാരണം തുടങ്ങാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.
ഐ ലവ് മൈ കേരളം എന്ന ഹാഷ്ടാഗിൽ ആണ് പ്രചാരണം ആരംഭിക്കുന്നത്. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കിയതിൻ്റെ പങ്കും പ്രചാരണവേളയിൽ വിശദീകരിക്കും. സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിലായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയമാണ് 2026 ഫെബ്രുവരി 24ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. പേര് മാറ്റത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിർണായക ഇടപെടലുകളും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ചർച്ചാ വിഷയമാക്കുമെന്ന് നേതൃത്വം അറിയിച്ചു.



