കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റ് ഇനി മുതല്‍ ഹൂഡിനീസ് മാജിക് പ്ലാനറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കും. രക്ഷപ്പെടല്‍ ജാലവിദ്യയുടെ ഉപജ്ഞാതാവായ ഹാരിഹൂഡിനിയോടുള്ള ആദരസൂചകമായാണ് ഈ പേരുമാറ്റം. ഇന്നലെ (വെള്ളി) ഗവ.വിമെന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഹൂഡിനീസ് മാജിക് പ്ലാനറ്റ് പ്രഖ്യാപനം നടത്തി. ഹാരിഹൂഡിനിയുടെ നൂറാമത് ചരമവാര്‍ഷികമായ 2026ല്‍ ഹാരിഹൂഡിനി സംബന്ധമായ അനുസ്മരണ പരിപാടികള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, വിവിധ എസ്‌കേപ്പ് ആക്ടുകള്‍ എന്നിവ മാജിക് പ്ലാനറ്റില്‍ സംഘടിപ്പിക്കുമെന്ന് മുതുകാട് പറഞ്ഞു. ഇതിന് മുന്നോടിയായി മാനവീയം വീഥിയില്‍ ഇന്ന് (ശനി) വൈകിട്ട് 5ന് സാഹസിക ഇന്ദ്രജാലമായ മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട് നടക്കും.
പ്രശസ്ത കര്‍ണാടക മജീഷ്യന്‍ പ്രകാശ് ഹെമ്മാഡിയാണ് ഹാരിഹൂഡിനി അവതരിപ്പിച്ചിരുന്ന മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട് അവതരിപ്പിക്കുന്നത്. തെക്കന്‍ കേരളത്തില്‍ പ്രകാശ് മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട് നടത്തുന്നത് ഇതാദ്യമാണ്. നിരവധി ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച്, വെള്ളം നിറച്ച മില്‍ക് കാനില്‍ അടച്ചുപൂട്ടിയ ശേഷം ഞൊടിയിടയില്‍ രക്ഷപ്പെടുന്ന ജാലവിദ്യയാണ് പ്രകാശ് ഹെമ്മാഡി അവതരിപ്പിക്കുന്നത്.
പ്രഖ്യാപനത്തോടനുബന്ധിച്ച് ഇന്നലെ വിമെന്‍സ് കോളേജില്‍ ഇന്ദ്രജാലവും സാഹസികതയും സമന്വയിച്ച ചലഞ്ച് യുവര്‍ ലിമിറ്റ്‌സ് പരിപാടി അരങ്ങേറി. മാനസികവും ശാരീരികവുമായ ബലപ്പെടുത്തല്‍ ജീവിത വിജയത്തിന് അനിവാര്യമാണെന്ന ബോധ്യപ്പെടുത്തലായി ഈ പരിപാടി. ഹാരിഹൂഡിനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ വീഡിയോയും തത്സമയ മാജിക്കും ഇഴചേര്‍ത്ത പുതുമയാര്‍ന്ന അവതരണമാണ് മുതുകാട് നടത്തിയത്. ഹൂഡിനിയുടെ ജീവിതയാത്രയുടെ പശ്ചാത്തലത്തില്‍, സദസ്സില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപിക മനസ്സില്‍ വിചാരിച്ച കാര്യങ്ങള്‍ മുതുകാട് പരസ്യമായി പ്രഖ്യാപിച്ച് കാണികളെ വിസ്മയിപ്പിച്ചു.
ആയോധധനകലയില്‍ പ്രശസ്തനായ അഭീഷ് ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ നടന്ന സാഹസിക ഇനങ്ങളും കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.
നിമിഷങ്ങള്‍ക്കുള്ളില്‍ സിമെന്റ് കട്ടകള്‍, നാളികേരം, കരിക്ക്, ഹെല്‍മെറ്റ് എന്നിവ കൈകൊണ്ട് അടിച്ചുപൊട്ടിച്ച് അഭീഷ് കാണികളുടെ മനസ്സില്‍ ഇടംപിടിച്ചു. ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ മുഖ്യാതിഥിയായി. വിമെന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഉമാജ്യോതി സ്വാഗതം പറഞ്ഞു.



