ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഫീഖ് മമ്മൂട്ടി ടൗണ്‍ഷിപ്പില്‍ എത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടണമെന്നും വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
മമ്മൂട്ടി മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇടപെട്ടത്. അത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് മമ്മൂട്ടി ഇങ്ങനെ ഇടപെട്ടത്. ടൗണ്‍ഷിപ്പില്‍ വരുന്നവരെ അവിടെയുണ്ടെങ്കില്‍ സ്വീകരിക്കുന്നത് രീതിയാണ്. അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മമ്മൂട്ടി നേരില്‍ വിളിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.



