കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ദത്തെടുക്കപ്പെട്ട കുട്ടിയും അവനവൻ പ്രസവിക്കുന്ന കുട്ടിയും തമ്മിൽ വ്യത്യാസമില്ല. പ്രസവ സംരക്ഷണം ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായതും അല്ലാത്തതുമായ വഴികൾ ഒരുപോലെ നിയമപരമാണെന്നും കോടതി പറഞ്ഞു.
“മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടിയെ നിയമപരമായി ദത്തെടുക്കുന്ന സ്ത്രീക്ക്, അതായത് കുട്ടിയെ ദത്തെടുക്കുന്ന അമ്മയ്‌ക്കോ കമ്മീഷൻ ചെയ്യുന്ന അമ്മയ്‌ക്കോ . ‘സാഹചര്യമനുസരിച്ച്’ കൈമാറുന്ന തീയതി മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് പ്രസവാനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും എന്ന് പറയുന്ന സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു.
കുട്ടികൾ മൂന്ന് മാസത്തിന് മുകളിൽ പ്രയമുള്ളതെങ്കിലും അവർക്ക് പരിചരണം നൽകേണ്ട സാഹചര്യത്തിൽ അമ്മമാർക്ക് ആവശ്യമുള്ള സമയം അനുവദിക്കണം. അതുകൊണ്ടുതന്നെ കുട്ടികളുടെ പ്രായം കണക്കിലെടുക്കാതെ ദത്തെടുക്കുന്ന അമ്മമാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെന്ന് ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ദത്തെടുക്കപ്പെട്ട കുട്ടിക്ക് മാതൃ പരിചരണത്തിന്റെ ആവശ്യകതയിൽ വ്യത്യാസമില്ല. പ്രായത്തിലുള്ള വ്യത്യാസം പറഞ്ഞ് അവധി നിഷേധിക്കുന്നത് യുക്തിസഹമായ ഒരു തരംതിരിവല്ല. മൂന്ന് മാസത്തിൽ കൂടുതലുള്ള കുട്ടിയെ ദത്തെടുക്കുന്ന ഒരു സ്ത്രീയുടെ മാതൃഉത്തരവാദിത്തങ്ങൾ മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടിയെ ദത്തെടുക്കുന്ന ഒരു സ്ത്രീയുടെ മാതൃഉത്തരവാദിത്തങ്ങൾക്ക് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.



