സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച സംവിധായകൻ ഗൗതം വാസുദേവ് മേനോന് തിരിച്ചടി. ഗൗതം മേനോനും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ ഫോട്ടോൺ ഫാക്ടറിയും ആർഎസ് ഇൻഫോടെയ്ൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിക്ക് 4.25 കോടി രൂപയും അതിന്റെ 12 ശതമാനം പലിശയും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് പി. വേൽമുരുഗൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകാവതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗൗതം മേനോന്റെ അപ്പീൽ തള്ളിയത്.
2008 നവംബർ 27ന് ഒരു തമിഴ് സിനിമ നിർമിക്കുന്നതിനായി ഗൗതം മേനോന്റെ ഫോട്ടോൺ ഫാക്ടറിയുമായി കരാറിൽ ഏർപ്പെട്ടിരുന്നതായാണ് ആർഎസ് ഇൻഫോടെയ്ൻമെന്റ് പറയുന്നത്. 2008 ഡിസംബർ 10ന്, ‘പ്രൊഡക്ഷൻ നമ്പർ 6’ എന്ന് താൽക്കാലികമായി വിളിച്ചിരുന്ന ആ സിനിമയുടെ ചിത്രീകരണം ആരംഭിക്കണമെന്നും 2009 ഏപ്രിൽ അഞ്ചിനകം ആദ്യ പ്രിന്റ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നുമായിരുന്നു കരാർ വ്യവസ്ഥ. ഇതിനായി 13.5 കോടി രൂപ നൽകാനായിരുന്നു ധാരണ. കരാർ ഒപ്പിട്ട സമയത്ത് 2.5 കോടി രൂപ അഡ്വാൻസായി ഇൻഫോടെയ്ൻമെന്റ് നൽകുകയും ചെയ്തു.
പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് ആകെ 4.25 കോടി രൂപ അഡ്വാൻസായി കൈപ്പറ്റിയിട്ടും ഗൗതം മേനോനും സംഘവും പ്രോജക്ട് പൂർത്തിയാക്കിയില്ലെന്നും, ഇത് കരാർ ലംഘനമാണെന്നുമാണ് ഇൻഫോടെയ്ൻമെന്റ് വാദിക്കുന്നത്. തുടക്കത്തിൽ ഒരു സിവിൽ സ്യൂട്ട് ഫയൽ ചെയ്തിരുന്നെങ്കിലും, നഷ്ടപരിഹാരത്തിനായി വീണ്ടും കേസ് നൽകാനുള്ള അനുമതിയോടെ അത് പിൻവലിച്ചു. ഇതിനുപിന്നാലെ പ്രൊഡക്ഷൻ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും, 4.25 കോടി രൂപ പ്രതിവർഷം 12 ശതമാനം പലിശയടക്കം തിരിച്ചുനൽകാൻ സിംഗിൾ ബെഞ്ച് ഗൗതം മേനോനോടും കമ്പനിയോടും ഉത്തരവിടുകയും ചെയ്തു. കൂടാതെ, കോടതി ചെലവായി 12 ലക്ഷം രൂപ നൽകാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സംവിധായകൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
നിർമാണ കമ്പനി കൃത്യസമയത്ത് പണം നൽകാത്തതാണ് സിനിമ മുടങ്ങാൻ കാരണമായതെന്നും, ലഭിച്ച തുക അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമായി ചെലവാക്കിയെന്നുമാണ് ഗൗതം മേനോൻ വാദിച്ചത്. കൂടാതെ, ഈ പ്രോജക്ട് പിന്നീട് ‘നീ താനെ എൻ പൊൻ വസന്തം’ എന്ന പേരിൽ റിലീസ് ചെയ്തതായും സംവിധായകൻ കോടതിയെ അറിയിച്ചു. എന്നാൽ, പണം ചെലവാക്കിയതിനോ അഭിനേതാക്കളുമായി കരാറിൽ എത്തിയതിനോ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഗൗതം മേനോന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ‘നീ താനെ എൻ പൊൻ വസന്തം’ എന്ന സിനിമയ്ക്ക് ഈ കരാറുമായി ബന്ധമില്ലെന്നും കോടതി കണ്ടെത്തി.


