പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും ഇറാന് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. പാശ്ചാത്യരാജ്യങ്ങളാണ് പ്രദേശത്ത് അസ്ഥിരാവസ്ഥയുണ്ടാക്കിയതെന്ന് റഷ്യയുടെ യു എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു.
പ്രകോപനമില്ലാതെയാണ് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ അംബാസഡറുടെ കുറ്റപ്പെടുത്തല്‍. യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും റഷ്യന്‍ അംബാസഡര്‍ യു എന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയതെന്ന് ചൈനയുടെ യു എന്‍ അംബാസഡര്‍ ഫു കോങ് വിമര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേലുള്ള ഇറാന്റെ ആക്രമണങ്ങളെയും ചൈന അപലപിച്ചു.
അതേസമയം ഇറാനെ നിശിതമായി വിമര്‍ശിച്ച് യു എന്നിലെ അമേരിക്കന്‍ സ്ഥാനപതി മൈക്ക് വാള്‍ട്സ് രംഗത്തെത്തിയതോടെ പോര് മുറുകി. ലോക സമ്പദ് വ്യവസ്ഥയെ ബന്ദികളാക്കാന്‍ ഇറാന് അവകാശമില്ലെന്ന് മൈക്ക് വാള്‍ട്സ് വാദിച്ചു. അമേരിക്കയും ,ഇസ്രയേലും യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ഹോര്‍മുസ് ഇടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രമേയത്തിന്മേല് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ന് വോട്ട് ചെയ്യും. ഹോര്‍മുസിലൂടെ സ്വതന്ത്ര സഞ്ചാരം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.



