ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും. രാവിലെ പതിനൊന്നിന് നിതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ യോഗത്തിന് ശേഷം നിതീഷ് കുമാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന് രാജിക്കത്ത് സമര്‍പ്പിക്കും.
ഏപ്രില്‍ 10-ന് രാജ്യസഭാംഗമായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെഡിയു, ബിജെപി നിയമസഭ കക്ഷി യോഗവും ഇന്ന് എന്‍ഡിഎ യോഗവും ചേരും. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, സംസ്ഥാന ബിജെപി മുന്‍ പ്രസിഡന്റ് ദിലീപ് കുമാര്‍ ജയ്സ്വാള്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണയിലുള്ളത്. നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയേക്കും.
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതെങ്കില്‍ ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായയാരിക്കും ബിജെപി മുഖ്യമന്ത്രി എത്തുക.
ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും എന്നാല്‍ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു.



