ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ പരമോന്നത നേതാവിന്‍റെ കോമ്പൗണ്ടിൽ നടന്ന വ്യോമാക്രമണത്തിൽ മൊജ്തബ ഖമനേയി മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്‍റെ മുഖത്തിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ, അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി ആവശ്യമായി വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിന് പുറമേ, മൊജ്തബ ഖമനേയിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയതായും ഇപ്പോൾ കൃത്രിമ കാൽ വെച്ചുപിടിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഒരു കൈക്കും ശസ്ത്രക്രിയ നടത്തിയിരുന്നു.
അതേസമയം, ഗുരുതരമായ പരിക്കുകൾക്കിടയിലും അദ്ദേഹം ബോധവാനായി തുടരുകയും ഭരണ കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതായും നിലവിൽ സുരക്ഷാ കാരണങ്ങളാലാണ് പൊതുവേദികളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുന്നെന്നും ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.
മൊജ്തബയ്ക്കുള്ള സന്ദേശങ്ങൾ കവറുകളിലാക്കി പല ആളുകൾ കൈമാറിയാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്. പ്രതികരണങ്ങൾ തിരിച്ചും ഇത്തരത്തിൽ തന്നെയാണ് കൈമാറുന്നത്. സുരക്ഷ ഭീഷണി ഭയന്ന് മുതിർന്ന ഉദ്യോഗസ്ഥർ പോലും മൊജ്തബയുമായി അകലം പാലിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ, നിലവിൽ കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും മാറി ഇപ്പോൾ സൈനിക കമാൻഡർമാരാണ് നയതന്ത്രം, ദേശീയ സുരക്ഷ, സൈനിക നീക്കങ്ങൾ എന്നിവയിൽ നിർണായക തീരുമാനങ്ങളെടുക്കുന്നത്.
അതേസമയം, പുതിയ സൈനിക കമാൻഡർമാരുടെ കടന്നു വരവ് ഇറാനിലെ രാഷ്ട്രീയ ശ്രേണിയേയും മാറ്റിയിട്ടുണ്ട്. മസൂദ് പെസഷ്കിയാനും അബ്ബാസ് അരഗ്ച്ചിയുമടക്കമുള്ള നേതാക്കൾ നയതന്ത്ര വിഷയങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതായും വിവരമുണ്ട്. ഹോർമുസിൽ യുഎസ് ഉപരോധം തുടരുന്നതിനിടെ യുഎസുമായുള്ള ചർച്ചകളിൽ നിന്നും സൈനിക എതിർപ്പിനെ തുടർന്ന് ഇറാൻ പിന്‍മാറിയതോടെ ചർച്ച പരാജയപ്പെട്ടിരുന്നു.



