പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റുമതിയില്‍ മുന്നിലുണ്ടായിരുന്ന മുതലമട മാങ്ങ ഇക്കുറി കടല്‍ കടന്നില്ല. മാങ്ങാക്കയറ്റുമതി അഞ്ചിലോന്നായി കുറയുകയും ഇന്ത്യന്‍ വിപണിയിലും മാങ്ങയുടെ വിലയിടിയുകയും ചെയ്തു.
നെല്ലിയാമ്പതി മലനിരകള്‍ക്കുതാഴെ സ്ഥിതി ചെയ്യുന്ന മാങ്കോസിറ്റി പ്രദേശം മാമ്പഴത്തോട്ടങ്ങളാല്‍ പ്രസിദ്ധമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും നേരത്തെ മാമ്പഴം വിളവെടുക്കുന്ന ഇടങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ മുതലമട. പക്ഷെ, മുതലമടയിലെ കര്‍ഷകര്‍ക്ക് ഇത്തവണ രുചിക്കേണ്ടി വന്നത് കയ്പ്പ് മാത്രം. കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും അനുകൂലമായപ്പോള്‍ പശ്ചിമേഷന്‍ യുദ്ധം തിരിച്ചടിയായി.
പ്രതിദിനം 300 മുതല്‍ 500 ടണ്‍ വരെ മാങ്ങ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ മുതലമടയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നു. മുതലമടയില്‍ ഇക്കുറി 600 കിലോ ആയി കുറഞ്ഞു. യുദ്ധം കാരണം കപ്പല്‍ ഗതാഗതം നിലച്ചതാണ് പ്രതിസന്ധിയായത്. ഗള്‍ഫ് രാജ്യങ്ങളിലെ വിപണി സ്തംഭിച്ചതും വിമാന നിരക്ക് കുത്തനെ ഉയര്‍ന്നതും ബാധിച്ചു.
800 രൂപയ്ക്ക് നല്‍കിയിരുന്ന അല്‍ഫോന്‍സാ മാമ്പഴം നിലവില്‍ 30 രൂപ മാത്രമാണ് ഉള്ളതെന്നും കര്‍ഷകര്‍ പറഞ്ഞു. മികച്ച വിളവ് ലഭിച്ചിട്ടും, കയറ്റുമതി നിലച്ചതിനാല്‍ കോടി കണക്കിന് രൂപയാണ് നഷ്ടമെന്ന് കര്‍ഷകര്‍
ബംഗന പള്ളി, ചക്കരക്കുട്ടി, ചന്ദ്രക്കാരന്‍ തുടങ്ങി 50 ഓളം ഇനം മാങ്ങകള്‍ മുതലമടയിലെ മാങ്കോ സിറ്റിയിലുണ്ട്. 6000 ഹെക്ടറോളം സ്ഥലത്ത് രണ്ടായിരത്തോളം കര്‍ഷകരാണ് മാങ്കോ സിറ്റിയിലുള്ളത്. ഇവരുടെയെല്ലാം പ്രധാന വരുമാനമാര്‍ഗവും മാങ്ങാകൃഷി തന്നെ. കണ്ണുനീര്‍വീണ് കയ്പേറിയ മാമ്പഴക്കാലം പൂര്‍ത്തിയാകുമ്പോള്‍ തളരുന്നില്ല കര്‍ഷകര്‍. അടുത്ത മധുരക്കാലത്തിനുള്ള തയ്യാറെടുപ്പിലാണ്. നാടിന്റെ കാര്‍ഷിക സംസ്‌കാരം വിട്ടുകൊടുക്കാതെ വളമിട്ട് പുഷ്ടി പിടിപ്പിക്കാന്‍ ഒരുങ്ങുന്നു, യുദ്ധത്തില്‍ കൊഴിഞ്ഞ് വീഴാതെ നിറയെ കായ്ക്കുന്ന മാമ്പഴക്കാലത്തിനായി കാത്തിരിക്കുന്നു.



