പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവില്‍ പ്രതിസന്ധിയുണ്ട്. എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ ആശയക്കുഴപ്പമുണ്ടായി. മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആശങ്ക പ്രകടിപ്പിച്ചത്.
മികച്ച രീതിയിലുള്ള മുന്നൊരുക്കങ്ങളിലൂടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ കാലങ്ങളില്‍ മുന്നോട്ട് പോയിരുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. വോട്ടെണ്ണല്‍ കഴിഞ്ഞ് ഇത്രയും കാലമായിട്ടും വകുപ്പിനെ നയിക്കാന്‍ ഒരാളില്ലാത്തത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പിന്നോട്ടടി നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



