മലബാറിലെ കുടിയേറ്റ വിശ്വാസി സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ മെയ് 21, 22, 23 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടക്കും.
മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭി വന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് തിരുമേനി, മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭി വന്ദ്യ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് തിരുമേനി എന്നിവർ സഹകാർമ്മികരായിരിക്കും.
1960-കളിൽ സ്ഥാപിതമായ പഴയ ചാപ്പലിന്റെ ജീർണ്ണാവസ്ഥയെത്തുടർന്ന് 2022 ഡിസംബറിലാണ് പുതിയ ദേവാലയത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്ക് പുറമെ, തിരുശേഷിപ്പ് പുനഃസ്ഥാപനം, പുതിയ പാഴ്സനേജ്, കൽക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശകളും നിർവ്വഹിക്കപ്പെടും. വിശുദ്ധ ചടങ്ങുകളിൽ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് വികാരി ഫാ. ഷിബു വിൽസൺ, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രസ്റ്റിമാരായ സി. ജെ. പൗലോസ്, ബിനു കുര്യാക്കോസ് എന്നിവർ അറിയിച്ചു.



