രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക വിപണിയിലും ഇന്ധന ലഭ്യത ഉറപ്പാക്കിയതായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). മുഴുവൻ സമയ സേവനങ്ങളിലൂടെ വിതരണ ശൃംഖലയെ പൂർണമായും ഉപയോഗപ്പെടുത്തിയാണ് ഇന്ധന ലഭ്യത ഉറപ്പാക്കുന്നത്. മെട്രോ നഗരങ്ങളിൽ ഇന്ധന ലഭ്യത സാധാരണ നിലയിലാണെങ്കിലും, ചെറുകിട-അർദ്ധനഗര മേഖലകളിലെ പ്രാദേശിക ആവശ്യകതയും മുൻകരുതലായി ഇന്ധനം വാങ്ങി സൂക്ഷിക്കുന്ന പ്രവണതയും കണക്കിലെടുത്താണ് കമ്പനിയുടെ നീക്കം. ടയർ 2, 3 വിപണികളിലേക്ക് കൂടുതൽ ടാങ്കറുകളിൽ ഇന്ധനമെത്തിക്കും. ഇതിനായി റിഫൈനറികളും ഡിപ്പോകളും റീട്ടെയ്ൽ ശൃംഖലകളും ഏകോപിച്ച് മുഴുവൻ സമയ നിരീക്ഷണം കാര്യക്ഷമമാക്കിയെന്നും ബിപിസിഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തെ കാർഷിക മേഖലയിൽ വിളവെടുപ്പ് സീസൺ ആയതിനാൽ വർധിക്കുന്ന ഡീസൽ ഉപയോഗവും ഇന്ധനത്തിനായി ഉപഭോക്താക്കൾ പൊതുമേഖലാ പമ്പുകളെ അമിതമായി ആശ്രയിക്കുന്നതുമാണ് വിപണിയിലെ പെട്ടെന്നുള്ള ആവശ്യകതയ്ക്ക് കാരണം. ഈ സാഹചര്യത്തെ കൃത്യമായി നേരിടാൻ കുറ്റമറ്റ വിതരണ സംവിധാനത്തിലൂടെ സാധിക്കുന്നതായാണ് ബിപിസിഎല്ലിന്റെ വിൽപന കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ധന വിതരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ശക്തമാണ്. മെയ് 1 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ പെട്രോൾ വിതരണം 16.38 ശതമാനത്തിന്റെ അധിക വളർച്ചനേടി. ഡീസൽ വിൽപനയിൽ 16.69 ശതമാനം വളർച്ചയുമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യകതയ്ക്ക് അനുസൃതമായ ഇന്ധനം സ്റ്റോക്ക് ഉണ്ടെന്നും മറിച്ചുള്ള വ്യാജപ്രചാരണങ്ങൾ പൊതുജനങ്ങൾ വിശ്വസിക്കരുതെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന പ്രചാരണത്തെത്തുടർന്ന് പെട്രോളിന്റെയും ഡീസലിന്റെയും പൂഴ്ത്തിവെപ്പ് വർധിച്ച സാഹചര്യത്തിലാണ് ബിപിസിഎൽ വിശദീകരണവുമായി രംഗത്തെത്തിയത്.



