എട്ടുവര്‍ഷമായിട്ടും ആരോഗ്യ വകുപ്പിന്റെ നീതി ലഭിക്കാതെ കോഴിക്കോട് സ്വദേശി ഹര്‍ഷിന. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 2017 ല്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കേരള മോഡലിനെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആരോഗ്യ വകുപ്പ് തുടരുകയാണ്.
നീതിരഹിതമായ 8 വര്‍ഷങ്ങളെക്കുറിച്ച് തന്നെയാണ് ഹര്‍ഷിന ഇപ്പോഴും പറയുന്നത്. എട്ടുവര്‍ഷം പിന്നിടുമ്പോഴും തീരാത്ത വേദനകളാണ് ഹര്‍ഷിന അനുഭവിക്കുന്നത്. 2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറില്‍ കുടുങ്ങിയതെന്ന് ഹര്‍ഷിന പറയുന്നു. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു ശസ്ത്രക്രിയയിലാണ് 12 സെന്റിമീറ്റര്‍ നീളവും 6.1 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക പുറത്തെടുത്തത്.
മെഡിക്കല്‍ കോളേജിനു മുന്നിലും കളക്ട്രേറ്റിനു മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും 104 ദിവസത്തെ സമരം ചെയ്തിട്ടും മതിയായ നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്കാന് തയ്യാറായില്ല. ശസ്ത്രക്രിയയില്‍ ഗുരുതരമായ അശ്രദ്ധവരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സ്വതന്ത്രരായി ജോലി ചെയ്യുമ്പോള്‍ താന്‍ വേദനകളിലും ദുരിതങ്ങളിലും തുടരുകയാണെന് ഹര്‍ഷിന പറഞ്ഞു.
ന്യായമായ ആവശ്യത്തില്‍ നീതിരഹിതമായാണ് ഹര്‍ഷിനയോട് ഇതുവരെ ആരോഗ്യവകുപ്പ് പെരുമാറിയത്. ഇപ്പോഴും ഉന്നത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹര്‍ഷിന ആവശ്യപെടുന്നത് ഔദാര്യമല്ല അവരുടെ അവകാശമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് ഖേദകരം.
2017ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ അടക്കം നാല് പേരെ പ്രതി ചേർത്ത് മെഡിക്കൽ കോളേജ് പൊലീസ് 2023 ഡിസംബർ 23ന് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണിൽ സ്റ്റേ വാങ്ങുകയും ചെയ്തു.
മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും മെഡിക്കൽ ബോർഡ് ചേർന്ന് ഡോക്ടർമാർക്ക് ക്ലീൻചിറ്റ് നൽകി. പിന്നീട് ഹർഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകിയത്. നീതി തേടി ഹർഷിന മെഡിക്കൽ കോളജിന് മുന്നിൽ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹർഷിന കോഴിക്കോട് സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.