നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ദ ഗോസ്റ്റ് നെക്‌സ്റ്റ് ഡോര്‍ എന്ന ടാഗ് ലൈനോടെ വന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ഒരു പ്രേതപ്പടമാണ്. എന്നാല്‍ ഇതു അങ്ങനെ പ്രേക്ഷകരെ പേടിപ്പിക്കുന്ന പ്രേതമല്ലെന്നാണ് സംവിധായകന്‍ അഖില്‍ സത്യന്‍ പറയുന്നത്.
“ഇതൊരു സത്യന്‍ അന്തിക്കാട് വേര്‍ഷന്‍ പ്രേതപ്പടമാണ്. ഭയപ്പെടുത്തുന്ന പ്രേതമല്ല”, എന്നാണ് അഖില്‍ സത്യന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതോടൊപ്പം തനിക്ക് പ്രേത സിനിമകള്‍ പേടിയാണെന്നും അഖില്‍ പറഞ്ഞു. “ഞാന്‍ പ്രേത സിനിമകള്‍ കാണാറില്ല. കാണുകയാണെങ്കില്‍ മ്യൂട്ട് ചെയ്‌തെ കാണൂ. നിവിനും പ്രേത സിനിമകള്‍ പേടിയാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ രണ്ടു പേരും കൂടെ ചേര്‍ന്ന് സിനിമയെടുക്കുമ്പോള്‍ അത് ഭയപ്പെടുത്തുന്ന ഒന്നാകില്ല. എന്നിരുന്നാലും അതില്‍ നിഗൂഢതയുണ്ട്. അതിനാല്‍ ആരെയെങ്കിലും ഭയപ്പെടുത്തിയാല്‍ ഞങ്ങളെ കുറ്റം പറയാനാവില്ല” , എന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയന്നതെന്നും അഖില്‍ പറഞ്ഞു. “ഒരു ഗ്രാമ പ്രദേശവുമായി ബന്ധപ്പെട്ട സിനിമ ചെയ്യണമെന്ന എന്റെ ആഗ്രഹം ഈ സിനിമയിലൂടെ സഫലമായി. ഞാന്‍ ജനിച്ചു വളര്‍ന്നത് ഗ്രാമത്തിലാണ്. ഗ്രാമത്തിലേക്ക് മടങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു സിനിമയാണ് നിര്‍മിച്ചത്. അതില്‍ ഫാന്റസി ഘടകങ്ങളുമുണ്ട്. പ്രേതമാണ് പ്രധാന കഥാപാത്രം”, അഖില്‍ വ്യക്തമാക്കി.
‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍, അല്‍ത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഫയര്‍ ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജകുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസ് റിലീസായ ചിത്രം തിയേറ്ററിലെത്തും. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക എന്നാണ് സൂചന. റിയ ഷിബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.