തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് എത്തുന്നതായി മകൻ അരുൺ കുമാർ വി.എ. അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞമാസം 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളെറ്റിനിൽ വി. എസ്. അച്യുതാനന്ദൻ്റെ നില അതീവ ഗുരുതരമായി തുടരുന്നതായായിരുന്നു റിപ്പോർട്ട്. നിലവിൽ ശുഭസൂചനകളാണ് പുറത്തുവരുന്നത്. ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞദിവസം രണ്ടുതവണ ഡയാലിസിസ് നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്.
വിഎസിൻ്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരികയാണെന്ന് മകൻ അരുൺ കുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ” അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്,” അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഓക്‌സിജൻ്റെ അളവ് കുറഞ്ഞപ്പോൾ അദ്ദേഹം സ്വയം ശ്വാസമെടുത്തിരുന്നതായും ഡോക്ടർമാർ അറിയിച്ചു. നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം ആരോഗ്യ വിദഗ്‌ധരുടെ സേവനവും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്‌യുടി ആശുപത്രിയിലെ ഡോക്ടർമാർക്ക് പുറമേ, മെഡിക്കൽ കോളേജിലുള്ള ഏഴ് വിദഗ്‌ധ ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ട്.
രണ്ട് തവണകളായാണ് വിദഗ്‌ധ സംഘം ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. നിലവിലെ ചികിത്സ തുടരാനാണ് അവർ നിർദേശം നൽകിയത്. സിപിഐഎമ്മിൻ്റെ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ വിഎസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.