ഈസി കുക്കിന്റെ കാലമാണല്ലോ ഇത്. ജോലിത്തിരക്കുകളാണ് അതിൽ പ്രധാന കാരണം. ഈ തിരക്കു പിടിച്ച കാലത്ത് വിശദമായ പാചകത്തിനും, കൂടുതൽ വിഭവങ്ങൾക്കുമെല്ലാം സമയം ചെലവഴിക്കുക എന്ന് പറഞ്ഞാൽ അത് പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും നാട്ടിൽ നിന്നൊക്കെ മാറി ഏതെങ്കിലും നഗരത്തിന്റെ തിരക്കിൽ കുടിയേറിയവരാണെങ്കിൽ പറയുകയേ വേണ്ട. അതൊന്നുമല്ലെങ്കിലും പാചകം അത്യാവശ്യത്തിന് മതിയെന്നു കരുതുന്നവരും കുറവല്ല. പരമാവധി വേഗം ആവശ്യമുള്ള വിഭവങ്ങൾ ഉണ്ടാക്കുക എന്നതാകും എല്ലാവരുടേയും ലക്ഷ്യം.
അത്തരത്തിൽ തിരക്കു പിടിച്ച അടുക്കളകളിൽ സ്ഥിര സാന്നിധ്യമായിരിക്കും റെഡി ടു കുക്ക് വിഭവങ്ങൾ. അരച്ച മാവും, ചപ്പാത്തിയും, അപ്പം ഇടിയപ്പം മിക്സുകളും തുടങ്ങി അരിഞ്ഞ പച്ചക്കറികളും, മത്സ്യമാംസങ്ങളും , എന്തിന് വെറുതെ ചൂടാക്കിയെടുത്ത് ഉപയോഗിക്കാവുന്ന പാകം ചെയ്ത വിഭവങ്ങൾ വരെ ലഭ്യമാണ്. അതുകൊണ്ടു അടുക്കള ജോലികൾ എളുപ്പമാകുകയും ചെയ്യും. പാരമ്പര്യ വാദികളുടെ പോലെ റെഡി ടു കുക്ക് വിഭവഭങ്ങളെ അങ്ങനെ പൂർണമായും അവഗണിക്കേണ്ടതില്ല. ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്നവ തന്നെയാണ് ഇതെല്ലാം. പക്ഷെ ഭക്ഷണമായതുകൊണ്ടു തന്നെ കൂടുതൽ ശ്രദ്ധ വേണമെന്ന് മാത്രം.
അങ്ങനെ ശ്രദ്ധിക്കേണ്ടവയിൽ പ്രധാനമാണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. കറികളെ രുചികരമാക്കാൻ മുൻപ് ചതച്ചും അരച്ചുമെല്ലാം ചേർത്തിരുന്ന ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം ഇന്ന് ജിഞ്ചർ ഗാർളിക് പേസ്റ്റുകളായി ഒരുമിച്ചും, പ്രത്യേകമായും വിപണയിൽ ലഭ്യമാണ്. ഇഞ്ചി തൊലി കളയല്‍, വെളുത്തുള്ളി പൊളിച്ച് വൃത്തിയാക്കല്‍ പിന്നെയവ മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കല്‍ തുടങ്ങിയ മെനക്കേടുകളെ ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നതിൽ തർക്കമേ ഇല്ല. സമയവും ലാഭം. പക്ഷെ അത്ര സുരക്ഷിതമായ ഒന്നല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
റെഡി ടു യൂസ് പേസ്റ്റുകളിൽ പാക്ക് ചെയ്ത ഭക്ഷണങ്ങളിലെല്ലാം കാണുന്നത് പോലെ പ്രിസർവേറ്റീവുകളും, അസിറ്റീവുകളും മറ്റ് രാസവസ്തുക്കളും ചേർക്കുന്നുണ്ട്. ജിഞ്ചർ ഗാർലിക് പേസ്റ്റിൽ പൊതുവേ സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളുമാണ് ചേർക്കുക. മിതമായ അളവിൽ ഇത് ശരീരത്തിനകത്തു ചെന്നാൽ വലിയ പ്രശ്നം ഉണ്ടാകില്ല. എന്നാൽ അധികമായാൽ അപകടമാകുമെന്നാണ് പഠനങ്ങൾ.
വളരെ സെൻസിറ്റീവായ വയറും കുടലുമൊക്കെയുള്ളവർക്ക് പ്രത്യേകിട്ടും ഇത്തരം റെഡി ടു യൂസ് പേസ്റ്റുകൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.അതുകൊണ്ടു തന്നെ പരമാവധി പാക്ക്ഡ് പേസ്റ്റുകൾ ഒഴിവാക്കുക. കഴിയുന്നതും വീട്ടിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വാങ്ങുമ്പോൾ ഡേറ്റും, ക്വാളിറ്റിയുമെല്ലാം പരിശോധിച്ച് ഉറപ്പാക്കി വാങ്ങുക.