കേരള സർവകലാശാലയിൽ കഴിഞ്ഞദിവസം നടന്ന സിൻഡിക്കേറ്റ് യോഗത്തിലെ നാടകീയ രംഗങ്ങളിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ വിസിക്ക് നിർദേശം നൽകി. വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെയാണ് കഴിഞ്ഞദിവസം നടന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയത്. തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും സിൻഡിക്കേറ്റ് അറിയിച്ചിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കൽ നടപടി ഉത്തരവാക്കുകയും ചെയ്തിരുന്നു. തുടർന്ന് അടിയന്തരമായി സർവകലാശാലയിലെത്തി ചുമതലയേൽക്കാൻ സിൻഡിക്കേറ്റ് നിർദ്ദേശം നൽകിയതിനെ തുടർന്ന് കഴിഞ്ഞദിവസം രജിസ്ട്രാർ വീണ്ടും ചുമതല ഏറ്റെടുത്തിരുന്നു. വൈകിട്ടോടെയാണ് സർവകലാശാലയിലെത്തി രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ചുമതല ഏറ്റെടുത്തത്.
വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് ഉത്തരവിറക്കിയത്. സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രജിസ്ട്രാറർ കെ.എസ്. അനിൽകുമാർ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വൈസ് ചാൻസലറുടെ ഭാഗത്തുനിന്നും സർവകലാശാലയുടെ ഭാഗത്തിനിന്നും കോടതി വിശദീകരണവും ചോദിച്ചിരുന്നു. ഇതിൽ ഇരുവിഭാഗവും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനിരിക്കെയായിരുന്നു നിർണായക നടപടി.
രജിസ്ട്രാർക്ക് ലഭിച്ച നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നീക്കമെന്നാണ് സൂചന. ചുമതലയേറ്റടുത്തതോടെ ഹൈക്കോടതിയിൽ നൽകിയ ഹർജി അനിൽകുമാർ ഇന്ന് പിൻവലിക്കും. സിൻഡിക്കേറ്റും വൈസ് ചാൻസലറും രണ്ട് വിശദീകരണങ്ങളും ഇന്ന് കോടതിയിൽ നൽകും.



