മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ സ്മരണാര്‍ഥം ഇടുക്കി പെരുവന്താനത്ത് നിര്‍മിച്ച സ്മാരക പാര്‍ക്ക് തകര്‍ച്ചയുടെ വക്കില്‍. തിലകന്റെ 90ാം ജന്മവാര്‍ഷികം കടന്നുപോകുമ്പോള്‍, കാടുപിടിച്ച് കിടക്കുകയാണ് ആ അതുല്യകലാകാരനായി ജന്മനാട്ടിലൊരുക്കിയ സ്മരണയും.
പാലപ്പുറത്ത് കേശവന്‍ സുരേന്ദ്രനാഥ തിലകന്‍’… മലയാള സിനിമയ്ക്ക് തിലകം ചാര്‍ത്തിയ ആ അതുല്യ പ്രതിഭയ്ക്കായി സ്വന്തം നാട്ടിലൊരുക്കിയ സ്മാരകമാണ് നശിക്കുന്നത്. മരണശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു കോടി രൂപയിലധികം ചെലവഴിച്ചാണ് മണിക്കലില്‍ സ്മാരകം നിര്‍മിച്ചത്.
മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു തിലകന്റെ പിതാവ്. നാടകവേദികളില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ തിലകന്റെ കലാജീവതം പിച്ചവെച്ച മണ്ണില്‍ ഒരു സ്മാരക മന്ദിരം വേണമെന്ന നീണ്ടകാലത്തെ ആവശ്യത്തിന് പുറത്താണ് സ്മാരക പാര്‍ക്ക് യാഥാര്‍ഥ്യമായത്.
എന്നാല്‍ ഇന്ന് ആരോരും തിരിഞ്ഞുനോക്കാനില്ലാതെ, കാടുകയറി അനാഥമായി കിടക്കുകയാണ് മണിക്കലിലെ തിലകന്‍ സ്മാരകം. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലേക്കാണ് പ്രദേശവാസികളടക്കം എല്ലാവരും വിരല്‍ചൂണ്ടുന്നത്.
2020ല്‍ ഉദ്ഘാടനം ചെയ്ത സ്മാരക പാര്‍ക്കിനായി പെരുവന്താനം ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്, ഒരുകോടി 15 ലക്ഷം രൂപയാണ്. ഓപ്പണ്‍ തിയേറ്റര്‍, കൊട്ടവഞ്ചി, ഇരിപ്പിടങ്ങള്‍, പെഡല്‍ ബോട്ട് എന്നിവയാണ് പദ്ധതിക്കായി ഒരുക്കിയിരുന്നത്.