കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചതായി പരാതി. മലപ്പുറം പുളിക്കൽ സ്വദേശി അശ്വത എന്ന പതിനാറുകാരിയാണ് ബുധനാഴ്ച മരിച്ചത്.കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അശ്വതയെ ചികിത്സിച്ചിരുന്നത്. ന്യൂമോണിയ ബാധിച്ചതോടെ ഐസിയുവിലേക്ക് മാറ്റണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. എന്നാൽ, അവിടുത്തെ ചിലവ് താങ്ങാനാകുന്നതായിരുന്നില്ല. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് കുടുംബം പറഞ്ഞത്.
എന്നാൽ, ന്യൂമോണിയ ബാധിച്ച അശ്വതയെ വെൻ്റിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വെന്റിലേറ്റർ ഒഴിവാകണമെങ്കിൽ ചികിത്സയിലുള്ള രോഗി മരിക്കണമെന്ന് ഡോക്ടർ പറഞ്ഞതായും കുടുബം പറഞ്ഞു.