തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതികരണത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയുടെ വിശദീകരണം തേടി സിപിഐ. മന്ത്രി ചിഞ്ചുറാണിയെ ഫോണിൽ വിളിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിശദീകരണം തേടി. നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥിയുടെ മരണത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തെറ്റായിപ്പോയെന്നാണ് സിപിഐയിൽ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മന്ത്രി നടത്തിയ പ്രതികരണം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സഹപാഠികൾ എതിർത്തിട്ടും കുട്ടി ഷീറ്റിന് മുകളിൽ വലിഞ്ഞുകയറി എന്ന പ്രസ്താവനയാണ് വിവാദമായത്. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാ സംഗമ പരിപാടി തൃപ്പുണിത്തുറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും മന്ത്രി ചിഞ്ചുറാണിയുടെ പരാമർശത്തെ തള്ളിയിരുന്നു. കേറിയില്ലെങ്കിൽ അപകടം ഉണ്ടാവില്ല എന്ന മന്ത്രി ചിഞ്ചുറാണിയുടെ പരാമർശത്തോട് യോജിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികളായാൽ കളിക്കും, അവരുടെ പ്രായം അത്തരത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.