സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സിപിഐഎമ്മിന് പുറമെ മറ്റ് പല ഘടകകക്ഷികളും അതൃപ്തി പരസ്യമാക്കിയതായാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസും സിപിഐഎമ്മും ഒരുപോലെയെന്ന പരാമര്‍ശം അനുചിതമാണെന്നാണ് പാര്‍ട്ടികളുടെയും നിലപാട്.
വെള്ളിയാഴ്ച പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
മുന്നണിയിലുള്ള പാര്‍ട്ടിയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം അനുചിതവും ഭിന്നത സൃഷ്ടിക്കുന്നതുമാണെന്നായിരുന്നു ഇന്ത്യ മുന്നണിയില്‍ ഉയര്‍ന്ന അഭിപ്രായം. ഇത്തരം പ്രസ്താവനകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
മുന്നണിയിലെ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യം ഉടലെടുക്കാന്‍ ഈ പരാമര്‍ശം ഇടയാക്കുമെന്ന വിലയിരുത്തലും യോഗത്തില്‍ ഉയര്‍ന്നു. ബിജെപിക്കെതിരെ പോരാടാന്‍ രൂപീകരിച്ച മുന്നണിയിലെ ഒരു പാര്‍ട്ടി ആര്‍എസ്എസിനെ പോലെയാണെന്ന് പറയുന്നത് മുന്നണിയുടെ ആശയത്തെ തന്നെ ഇല്ലാതാക്കുമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
സിപിഐക്ക് പുറമെ, ഡിഎംകെയും ശരദ് പവാറിന്റെ എന്‍സിപിയും ആര്‍ജെഡിയും ജെഎംഎമ്മും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അനുചിതമായെന്ന അഭിപ്രായം പങ്കുവെച്ചതായാണ് സൂചന. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.