സ്കൂൾ സമയ മാറ്റ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. കേരളത്തിലെ പുരോഗന മുസ്ലീങ്ങൾക്ക് തലതാഴ്ത്തി നടക്കേണ്ട അവസ്ഥയാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
മദ്രസയ്ക്ക് വേണ്ടി വാദിക്കുന്ന പല നേതാക്കളുടെ മക്കളും മദ്രസയിൽ പോകാറില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുടെ മക്കൾ ഒന്നും മദ്രസയിൽ പോകാറില്ല. ഉസ്താദിനെ വീട്ടിൽ കൊണ്ടുവന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. സമസ്ത അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും അരമണിക്കൂർ സ്കൂളിൽ പഠിച്ചാൽ മദ്രസയെ ബാധിക്കും എന്ന് പറയുന്നത് ശരിയല്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് ബുധനാഴ്ച സർക്കാർ സമസ്തയുമായി ചർച്ച നടത്തും. ചർച്ചയില്‍ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം ബോധ്യപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചിരിക്കുന്നത്. എല്‍പി-യുപി ക്ലാസുകളിൽ സ്കൂൾ സമയത്തിൽ മാറ്റമില്ല. സമരം ചെയ്യുന്നവർ തെറ്റിധരിച്ചതാണ്. സമുദായിക സംഘടനകളുടെ സൗകര്യം അനുസരിച്ച് സ്കൂൾ സമയവും , പരീക്ഷയും നടത്താൻ പറ്റില്ല. താൻ വിദ്യാഭ്യാസ മന്ത്രിയായ ഉടൻ ശനിയാഴ്ച്ച പരീക്ഷ പാടില്ലെന്ന് പറഞ്ഞ് ഒരു സമുദായം വന്നുവെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിലെ പഠന സമയം രാവിലെയും വൈകിട്ടുമായി 15 മിനുട്ട് വീതം കൂട്ടിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. 200 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഈ മാറ്റം എന്നാണ് സർക്കാർ വിശദീകരിച്ചത്. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്കൂള്‍ സമയം മാറ്റി ക്രമീകരിച്ചത്.
ഇതിനെതിരായാണ് സമസ്ത രംഗത്തെത്തിയത്. സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നാണ് സമസ്തയുടെ വിമർശനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു.