അഹമ്മദാബാദ് വിമാന അപകടത്തില്‍ ഇടക്കാല ധനസഹായം അനുവദിച്ച് എയര്‍ഇന്ത്യ. അപകടത്തില്‍ മരിച്ച 229 പേരില്‍ 147 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്. മരണപ്പെട്ട് മറ്റ് 52 പേരുടെ കുടുംബങ്ങള്‍ക്കും ധനസഹായം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് കമ്പനി.
ദൗര്‍ഭാഗ്യകരമായ ഈ അപകടത്തിന്റെ ഇരകള്‍ക്കായി ടാറ്റ ഗ്രൂപ്പ് ‘ ദ AI-171 മെമ്മോറിയല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ്’ രൂപീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ധനസഹായം ട്രസ്റ്റ് നല്‍കും. അപകടത്തില്‍ തകര്‍ന്ന ബി ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ പുനര്‍നിര്‍മാണത്തിനായും ട്രസ്റ്റ് പിന്തുണ നല്‍കും.
ജൂണ്‍ 12നാണ് അപകടമുണ്ടായത്. 260 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം അഗ്നിഗോളമായി മാറി നിലംപതിക്കുകയായിരുന്നു. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ഡിഎന്‍എ പരിശോധന നടത്തിയശേഷം ബന്ധുക്കള്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു.