ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തിലെ ഇപ്പോഴത്തെ വിവാദങ്ങള്‍ വി എസിനെ അപമാനിക്കുന്നതിനാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്ണദാസ്. പലകാലങ്ങളില്‍ പല വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.
മഹാനായ വിഎസിനെ അപമാനിക്കലും വിഎസ് കെട്ടിപ്പടുത്ത സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താനും വേണ്ടിയാണ് ഇത്തരം വിവാദങ്ങളൊക്കെയും ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. ഏതോ ദശാബ്ദങ്ങളുടെ മുമ്പ് ആരോ എന്തോ അഭിപ്രായങ്ങള്‍ എവിടെയോ പറഞ്ഞു എന്നുള്ള പേരിലാണ് ഇപ്പോള്‍ ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കുന്നത്. അത് ഇപ്പൊ കുത്തിപ്പൊക്കുന്നത്. സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്തുക. വിഎസിനെ അപമാനിക്കുക എല്ലാം തന്നെയാണ് ഇത് ഇപ്പോള്‍ കുത്തിപ്പൊക്കുന്നതിന് പിന്നിലുള്ളത് – എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.
ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുള്ള കാരണങ്ങളില്‍ ഒന്ന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശമാണെന്നായിരുന്നു മുന്‍ എം.എല്‍.എ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. യുവവനിതാ നേതാവ് ആലപ്പുഴ സമ്മേളനത്തില്‍ വച്ച് വിഎസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കണമെന്ന് പറഞ്ഞതായി മാതൃഭൂമി വാരാന്ത്യപതിപ്പിലെ ലേഖനത്തില്‍ സുരേഷ് കുറുപ്പ് വെളിപ്പെടുത്തി.
2012ലെ തിരുവനന്തപുരം സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിഎസിനെ ക്യാപിറ്റല്‍ പണിഷ്‌മെന്റിനു വിധേയമാക്കണമെന്ന് ഒരു യുവ നേതാവ് പറഞ്ഞെന്ന പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങളുടെ തുടക്കം. പാര്‍ട്ടി സെക്രട്ടറി രൂക്ഷമായ ഭാഷയില്‍ പിരപ്പന്‍കോട് മുരളിയെ തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍ എംഎല്‍എ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിന്റെ കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിന് എതിരെ നിലവിട്ട് ആക്ഷേപങ്ങള്‍ ഉന്നയിച്ചു. സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണം എന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാത്ത വിഎസ് വേദിവിട്ടു പുറത്തിറങ്ങി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ,ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.