ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ക്രൂരതയുടെ ഓർമയിൽ ലോകം. ഇന്ന് ഹിരോഷിമാ ദിനം. അമേരിക്ക വർഷിച്ച അണുബോംബ് ഹിരോഷിമയിൽ പതിച്ചിട്ട് 80 വർഷങ്ങൾ പൂർത്തിയാവുന്നു.1945 ഓഗസ്റ്റ് ആറ്. ജപ്പാനിലെ ഹിരോഷിമ നഗരത്തെ തീജ്വാലകൾ ചുട്ടുചാമ്പലാക്കിയ ആ കറുത്ത ദിനം. ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ഇടമാണ് ഹിരോഷിമ. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ മാർഗമായിരുന്നു ആണവായുധ പ്രയോഗം.
ലിറ്റില്‍ ബോയ് എന്ന അണുബോംബാണ് ഹിരോഷിമയിൽ അമേരിക്ക വർഷിച്ചത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് അണുബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയ് നിമിഷനേരം കൊണ്ട് കവർന്നെടുത്തത് ഒന്നരലക്ഷം ജീവനുകളാണ്. ഉരുകി വീണ തൊലിയും മാംസവുമായി ഒരിറ്റു വെള്ളത്തിനായി ആളുകൾ പരക്കം പാഞ്ഞു. അങ്ങനെയും പൊലിഞ്ഞു ജീവനുകൾ. പത്ത് കിലോമീറ്ററോളം ചുറ്റളവിൽ സ്ഫോടനത്തിൻ്റെ പ്രകമ്പനമുണ്ടായി. മൂന്ന് ദിവസത്തോളം ഹിരോഷിമ കത്തിയെരിഞ്ഞു.
ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി തിരിഞ്ഞ് നടത്തിയ യുദ്ധം. പടിഞ്ഞാറൻ സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കി. അഡോൾഫ് ഹിറ്റ്ലറിന്റെ ആത്മഹത്യ ചെയ്തു. ജർമ്മനി നിരുപാധികം കീഴടങ്ങി. ഇതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു.എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്കൻ വിമാനം ആദ്യ അണുബോംബ് വർഷിച്ചു.
അതോടെ ജപ്പാൻ കീഴടങ്ങുമെന്ന് സഖ്യകക്ഷികൾ പ്രതീക്ഷിച്ചതെങ്കിലും, അതുണ്ടായില്ല. ദിവസങ്ങളുടെ ഇടവേളയിൽ ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിൽ രണ്ടാമതും അണുബോംബ് വർഷിക്കുകയായിരുന്നു. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിന്‍തലമുറക്കാരുമെല്ലാം പിന്നീട് മാരക രോഗങ്ങൾ പിടിപെട്ട് മരിച്ചു. മഹാദുരന്തം കാലങ്ങളോളം ആ മനുഷ്യരാശിയെ വേട്ടയാടി. ഇന്ന് മറക്കാനാകാത്ത മുറിപ്പാടുകൾ നൽകിയ ആ കറുത്ത ദിനങ്ങളെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയാണ്.