തിരുവനന്തപുരം: കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് വിനിയോഗിച്ച് സമൂഹത്തിലെ അർഹരായ ആളുകൾക്ക് സേവനങ്ങൾ നൽകിയതിന് ഇത്തവണത്തെ ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ (ടിഎംഎ) സിഎസ്ആർ പുരസ്‌കാരം തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് ലഭിച്ചു. ടിഎംഎ വാർഷിക മാനേജ്‌മെന്റ് കൺവെൻഷനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൽനിന്നും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് സന്ധ്യ സുരേഷും ഇസാഫ് ഫൗണ്ടേഷൻ അസിസ്റ്റന്റ് ഡയറക്ടർ വിൻ വിൽസണും പുരസ്‌കാരം ഏറ്റുവാങ്ങി.
2023- 24 സാമ്പത്തിക വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. സംസ്ഥാനത്തുടനീളം ഇക്കാലയളവിൽ നിരവധി സേവന പ്രവർത്തങ്ങൾ പൂർത്തീകരിക്കാൻ ബാങ്കിന് കഴിഞ്ഞു. കൂടാതെ, കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തവും പൗരബോധവും വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബാലജ്യോതി ക്ലബ്ബുകൾ, സംരംഭകത്വ മേഖലയിൽ പരിശീലനം നൽകുന്ന നൈപുണ്യ വികസന ക്ലാസുകൾ, ഹരിതോർജ മേഖലയിലെ ആധുനികവും നൂതനവുമായ നവീകരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സന്നദ്ധ പ്രവർത്തനങ്ങളെ വിവിധ തലങ്ങളിൽ ഏകോപിപ്പിക്കാനായതും ഇസാഫ് ബാങ്കിന് നേട്ടമായി.