പൊന്നിൻ ചിങ്ങത്തിനു പൂവാട ചാർത്തി ഇന്ന് അത്തം. ഇന്ന് മുതൽ 10 ദിവസം മലയാളിയുടെ മനസിലും മുറ്റത്തും പൂക്കളങ്ങൾ നിറയും. മാവേലി മന്നനെ വരവേല്‍ക്കുവാനാണ് മലയാളികൾ പൂക്കളമൊരുക്കുന്നത്. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം കഴിഞ്ഞെങ്കിലും അന്യ നാടുകളില്‍ നിന്നുമെത്തുന്ന പൂക്കള്‍ കൊണ്ട് നാം പൂക്കളം തീര്‍ക്കും.
ഗൃഹാതുരതയുടെ വീണ്ടെടുപ്പ് കൂടിയാണ് മലയാളികൾക്ക് ഓരോ ഓണക്കാലവും. വീട്ടുമുറ്റത്ത് പൂക്കളിടുന്ന കുഞ്ഞുങ്ങൾ, സദ്യ ഒരുക്കുന്ന കുടുംബം, അങ്ങനെ ഓണക്കാഴ്ചകൾ പലതാണ്. ഈ പത്തു ദിവസം കാത്തിരിപ്പിൻ്റേത് കൂടിയാണ്. പുത്തൻ ഉടുപ്പും സദ്യയും ഓണക്കളികളുമായി തിരുവോണം ആഘോഷിക്കാനുള്ള കാത്തിരിപ്പ്.
ഓണാഘോഷത്തിന് വിളംബരം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. ഗവൺമെൻ്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒൻപത് മണിക്കാണ് മന്ത്രി എം.ബി. രാജേഷ് അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുക. 9.30ന് വ്യവസായ മന്ത്രി പി. രാജീവ് അത്ത പതാക ഉയർത്തും. തുടർന്ന് നഗരം ചുറ്റിയുള്ള ഘോഷയാത്ര നടൻ ജയറാം ഫ്ലാഗ് ഓഫ് ചെയ്യും.
ഇത്തവണ ഭിന്നശേഷി സൗഹൃദമാണ് അത്തച്ചമയം. ഭിന്നശേഷി വിദ്യാർഥികളാണ് ഉദ്ഘാടന വേദിയിലെ താരങ്ങൾ. 300ലധികം കലാകാരന്മാരും തനതു കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അത്തച്ചമയത്തിൽ അണിനിരക്കും. രണ്ട് മണിയോടെ ഘോഷയാത്ര ബോയ്സ് ഹൈസ്കൂളിൽ തിരിച്ചെത്തും. അത്തം ഘോഷയാത്രയ്ക്ക് ശേഷം വാക്കത്തോണും നടക്കും.