ജമ്മു കശ്മീരിലെ മിന്നൽ പ്രളയത്തിൽ 30 പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഒൻപത് പേർ മരിച്ചത്. ദുരന്തത്തിൽ 21 പേർക്ക് പരിക്കേക്കുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിന് പിന്നാലെ ജമ്മു-ശ്രീനഗർ ദേശീയ പാത ഉൾപ്പെടെ നിരവധി റോഡുകൾ അടച്ചു. ജമ്മു കശ്മീരിലെ നദികൾ കരകവിഞ്ഞൊഴുകിയതിനാൽ പഞ്ചാബിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈഷ്ണോ ദേവി പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് ഒൻപത് തീർഥാടകർ കൊല്ലപ്പെട്ടത്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
“പല പ്രദേശങ്ങളിലും കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു,” അധികൃതർ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു.
ജമ്മു-ശ്രീനഗർ, കിഷ്ത്വാർ-ദോഡ ദേശീയ പാതകളിലെ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ജമ്മുവിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 27 ട്രെയിനുകളാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ജമ്മു ഡിവിഷനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ഓഗസ്റ്റ് 27 വരെ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്.