ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റേത് ആണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണം നടത്താനുളള തീരുമാനം തൻ്റേതായിരുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് സ്ഥിരീകരിച്ചു. ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യുഎസ് വാദം ഖത്തർ തള്ളിയിട്ടുണ്ട്. ഖത്തർ അമീറിനെ ട്രംപ് ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു. നേരത്തെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുത്തിരുന്നു.
“ഹമാസിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്യം ട്രംപ് ഭരണകൂടത്തെ അറിയിച്ചു. നിര്‍ഭാഗ്യവശാല്‍ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിൻ്റേതാണ്, എൻ്റേതല്ല. യുഎസിൻ്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളില്‍ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിൻ്റെയോ യുഎസിൻ്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടു നയിക്കില്ല. അതേസമയം, ഗാസയില്‍ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന ഹമാസിനെ തുടച്ചുനീക്കുന്നത് ഉചിതമായ ലക്ഷ്യമാണ്. വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാന്‍ സ്റ്റീവ് വിറ്റ്‌കോഫിനോട് നിര്‍ദേശിച്ചിരുന്നു,” ട്രംപ് കുറിച്ചു.
പക്ഷേ നിര്‍ഭാഗ്യവശാല്‍ ആക്രമണം തടയാന്‍ കഴിയാത്തവിധം വൈകിപ്പോയിരുന്നു. ഖത്തറിനെ അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായാണ് യുഎസ് കാണുന്നത്. ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് വളരെ ദുഃഖമുണ്ട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടുകിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കൂടാതെ ഈ യുദ്ധം ഉടൻ അവസാനിക്കണം. ആക്രമണത്തിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു. സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു എന്നോട് പറഞ്ഞു. ഈ നിർഭാഗ്യകരമായ സംഭവം സമാധാനത്തിനുള്ള ഒരു അവസരമായി മാറിയേക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു: ട്രംപ് വ്യക്തമാക്കി.
“ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി എന്നിവരുമായും ഫോണിൽ സംസാരിച്ചു. ഞങ്ങളുടെ രാജ്യത്തോടുള്ള അവരുടെ പിന്തുണയ്‌ക്കും സൗഹൃദത്തിനും നന്ദി അറിയിച്ചു. അവരുടെ മണ്ണിൽ ഇത്തരം ഒരു സംഭവം ആവർത്തിക്കില്ലെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകി. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാർ അന്തിമമാക്കാൻ ഞാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്,” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.