ആളിക്കത്തുന്ന ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ സർവീസ് നടത്താൻ എയർ ഇന്ത്യയും ഇൻഡിഗോയും. ആളുകളെ തിരികെ ഇന്ത്യയിലെത്തിക്കാൻ കടുതൽ സർവീസുകൾ നടത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു അറിയിച്ചു. വിമാനക്കമ്പനികളോട് അവരുടെ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
“നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ, നാട്ടിലേക്ക് വരാൻ ഒരുങ്ങിയ നിരവധി യാത്രക്കാർക്ക് കാഠ്മണ്ഡുവിൽ നിന്ന് മടങ്ങാൻ കഴിഞ്ഞില്ല. എന്നാൽ വിമാനത്താവളം തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകളെ ഏകോപിപ്പിച്ച് അടുത്ത കുറച്ച് ദിവസങ്ങളിലും അധിക വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്”, നായിഡു വ്യക്തമാക്കി.
സമീപകാല സംഭവവികാസങ്ങൾ കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്നും നാളെയുമായി ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കും തിരിച്ചും പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രക്ഷോഭങ്ങളെ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരുന്നുവെങ്കിലും, കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനമാരംഭിച്ചിരുന്നു.