ഏഷ്യ കപ്പിലെ ഇന്ത്യ -പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ എന്താണ് അത്യാവശ്യമെന്നും ക്രിക്കറ്റ് മത്സരം നടക്കട്ടെയെന്നും കോടതി അറിയിച്ചു.
ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. സെപ്റ്റംബർ 14ന് ദുബായ്‌യില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. മത്സരം ഞായറാഴ്ചയാണ് നടക്കുന്നതെന്നും നാളെ തന്നെ പരിഗണിക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി.
ഉർവശി ജെയ്‌നിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാർഥികളാണ് പൊതുതാല്‍പ്പര്യ ഹർജി ഫയല്‍ ചെയ്തത്. ഇന്ത്യന്‍ പൗരരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശം നൽകുമെന്നാണ് ഹർജിയില്‍ പറയുന്നത്. ക്രിക്കറ്റിനെ ദേശീയ താൽപ്പര്യത്തിനോ പൗരന്മാരുടെ ജീവിതത്തിനോ സായുധ സേനാംഗങ്ങളുടെ ത്യാഗത്തിനോ മുകളിൽ വയ്ക്കാൻ കഴിയില്ലെന്ന് ഹർജിക്കാർ വാദിക്കുന്നു.
2025ലെ ദേശീയ കായിക ഭരണ നിയമം നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകരായ സ്നേഹ റാണി, അഭിഷേക് വർമ്മ, എം.ഡി. അനസ് ചൗധരി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ബിസിസിഐ, കേന്ദ്ര യുവജന – കായിക മന്ത്രാലയം ഉള്‍പ്പടെയുള്ളവര്‍ ആയിരുന്നു എതിര്‍ കക്ഷികള്‍.