മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഐഎം ജനറൽ സെക്രട്ടറിയുമായിരുന്ന സീതാറാം യെച്ചൂരിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. വാക്കിലും, പ്രവർത്തിയിലും സൗമ്യനായ യെച്ചൂരി, എന്നാൽ ആശയങ്ങളുടെ തീവ്രതയ്ക്ക് ചൂടേറെയായിരുന്നു. ജെഎൻയുവിലെ വിദ്യാർഥിക്കാലം മുതൽ കൊളുത്തിയ വിപ്ലവജ്വാലകൾ അന്ത്യശ്വാസം വരെ അദ്ദേഹത്തിൽ ആളിപ്പടർന്നു.
സാധാരണ മാർക്സിസ്റ്റ് നേതാക്കളുടെ കടുംപിടുത്തങ്ങൾ ഇല്ലെന്നതാണ് യെച്ചൂരിയെ രാഷ്ട്രീയ ജീവിത്തിൽ വ്യത്യസ്തനാക്കിയത്. തെറ്റ് തിരുത്താനോ അത് തുറന്നുപറയാനോ മടിയില്ലാത്ത നേതാവ്. രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന അനിഷേധ്യ നേതാവായിരുന്നു കോമ്രേഡ് യെച്ചൂരി. കാര്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വ്യക്തമായും സൗമ്യമായും പറഞ്ഞിരുന്ന ബഹുഭാഷാ വിദഗ്ധൻ കൂടിയായിരുന്നു അദ്ദേഹം. സ്വന്തം രാഷ്ട്രീയ മണ്ഡലത്തിന് പുറത്തുള്ളവരോടും സഖ്യപ്പെടാനുള്ള യെച്ചൂരിയുടെ കഴിവിന്- ഒരുകാലത്ത് സിപിഎമ്മിനെ സ്വാധീനശക്തിയായി ഉയർത്തിയതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസത്തിലെ മെയിന്‍സ്ട്രീം- ലിബറല്‍- റാഡിക്കല്‍ കമ്മ്യൂണിസ്റ്റ്.
1974ൽ എസ്എഫ്ഐ, 75ൽ സിപിഐഎം അംഗത്വം. പിന്നെ അടിയന്തരാവസ്ഥയിലെ അറസ്റ്റ്. പുറത്തുവന്ന് പിഎച്ച്ഡി ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം.സിപിഐഎമ്മിലെ ഏറ്റവും ചെറുപ്പക്കാരനായ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗത്തിൻറെ പിറവിയാണ് പിന്നീട് കണ്ടത്. 1985ൽ പ്രകാശ് കാരാട്ടിനും, എസ്. രാമചന്ദ്രൻ പിള്ളയ്ക്കും ഒപ്പം കേന്ദ്ര കമ്മിറ്റിയിൽ. 1992ൽ ഇതേ ആളുകൾക്കൊപ്പം പോളിറ്റ് ബ്യൂറോയിൽ. നാൽപതാം വയസ്സിലെ ആ പോളിറ്റ് ബ്യൂറോ പ്രവേശനം സിപിഎമ്മിൽ തിരുത്തപ്പെടാൻ സാധ്യതയില്ലാത്ത ചരിത്രമാണ്.
പരമ്പരാഗത വഴിയിൽ നീങ്ങിയിരുന്നെങ്കിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ജോലിയിൽ എത്തേണ്ടയാൾ. പഠിച്ച ക്ലാസുകളിലെല്ലാം നേടിയ ഒന്നാം റാങ്ക് രാഷ്ട്രീയത്തിലെ ധാർമികതയിലും നിലനിർത്തിയായിരുന്നു അദ്ദേഹ്തിന്റ മടക്കം. ജീവിതജാലകങ്ങളെല്ലാം തുറന്നിട്ട് ഏറ്റവും സുതാര്യമായ ജീവിതം നയിച്ച കമ്മ്യൂണിസ്റ്റായിരുന്നു സീതാറാം യെച്ചൂരി വിടവാങ്ങി. ഇന്നും വിപ്ലവത്തിന്റെ സൗമ്യമുഖമായി യെച്ചൂരി ഓർമിക്കപ്പെടുന്നു.
നെഞ്ചിലെ അണുബാധയെത്തുടർന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കയാണ് 2024 സെപ്തംബർ 12 ന് യെച്ചൂരി ലോകത്തോട് വിടപറഞ്ഞത്. പൊതു ദർശനങ്ങൾക്കും , അന്തിമോപചാരങ്ങൾക്കും ശേഷം മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടു നൽകുകയായിരുന്നു.