സംസ്ഥാനം ഇന്ന് മുതൽ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമാകുകയാണ്. ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ മിസോറമിലൂടെ ഇനി തീവണ്ടികളോടി തുടങ്ങും. പുതിയ റെയിൽപാത വരുന്നതോടെ തലസ്ഥാനമായ ഐസ്‌വാളിലേക്കുള്ള റെയിൽവേ ഗതാഗതവും സ്ഥാപിതമാകും.
മിസോറം ജനതയുടെ നീണ്ട കാലത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് 78 വർഷങ്ങൾക്ക് ശേഷം മിസോറമിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയറിന്റെ ഭാഗമായി വിഭാവനം ചെയ്തതാണ് ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ. മലമടക്കുകൾക്കിടയിലൂടെയുള്ള ഈ റെയിൽവേ പാത നിർമിക്കുക ഏറെ ദുഷ്കരമായ ദൗത്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് പാതയുടെ നിർമാണം പൂർത്തിയാകാൻ 11 വർഷമെടുത്തത്.
2008ൽ മൻമോഹൻ സിംഗ് സർക്കാരാണ് ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ശേഷം പിന്നീട് ആറ് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു പാതയുടെ നിർമാണം ആരംഭിക്കാൻ. ഒടുവിൽ 2014 നവംബർ 29ന് റെയിൽവേ ലൈനിന്റെ തറക്കല്ലിടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിന് ശേഷം 11 വർഷം കൂടി കാത്തിരിക്കേണ്ടി റെയിൽവേ ലൈൻ പ്രവർത്തന സജ്ജമാകാൻ. 1899 മുതൽ ബൈരാബിയിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നെങ്കിലും ഇത് നാരോ ഗേജായിരുന്നു. ബൈരാബി-സായ്‌രങ് പാത പ്രഖ്യാപിക്കുന്നതിന് ഒരു വർഷം മുൻപ് ഈ റെയിൽവേ സ്റ്റേഷൻ പൂട്ടി. 2016ൽ ബൈരാബി വരെയുള്ള പാത ബ്രോഡ് ഗേജാക്കി. ഇതോടെ അസമിലെ സിൽച്ചറിൽ നിന്ന് ബൈരാബി വരെ ട്രെയിൻ എത്തിത്തുടങ്ങി. പിന്നീട് ബൈരാബിയിൽ നിന്ന് സായ്‌രങ് വരെയുള്ള 51.38 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയുടെ നിർമാണം ആരംഭിച്ചു.
ഈ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമാണ വിസ്മയം കൂടിയാണ്. 48 തുരങ്കങ്ങളും 142 പാലങ്ങളുമാണ് ഈ പാതയിലുള്ളത്. ഇതിൽ 1.37 കിലോമീറ്റർ വരെ ദൈർഘ്യമുള്ള തുരങ്കങ്ങളും ഉൾപ്പെടുന്നു. 55 വലിയ പാലങ്ങളും 87 ചെറുപാലങ്ങളുമാണ് പാതയിലുള്ളത്. പാലങ്ങളെല്ലാം തന്നെ 100 മീറ്റർ 114 മീറ്റർ ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. സായ്‌രങ് റെയിൽവേ സ്റ്റേഷന് സമീപത്തായുള്ള 114 മീറ്റർ പൊക്കമുള്ള ക്രങ് പാലം ഉയരത്തിൽ രാജ്യത്തെ രണ്ടാമത്തെ പാലമാണ്. 1.3 കിലോമീറ്റർ ദൈർഘ്യമുള്ള പാലവും ഇക്കൂട്ടത്തിലുണ്ട്. ബൈരാബി- സായ്‌രങ് റെയിൽപാത നിലവിൽ വരുന്നതോടെ ഗോഹട്ടിയിൽ നിന്ന് ഐസ്‌വാളിലേക്കുള്ള യാത്രാസമയം 24 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി ചുരുങ്ങും. ഹോർതോകി, കാൻപൂയി, മാൽഖാങ് എന്നിവയാണ് പാതയിലെ മറ്റ് റെയിൽവേ സ്റ്റേഷനുകൾ. 5021.45 കോടി രൂപയാണ് പാതയുടെ നിർമാണത്തിനായി ചെലവായത്.
ബൈരാബി- സായ്‌രങ് റെയിൽവേ ലൈൻ നിലവിൽ വരുന്നതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാവുകയാണ്. പ്രത്യേകിച്ച് ചരക്കുഗതാഗതം. മലകൾ ചൂറ്റിയുള്ള റോഡ് മാർഗത്തിലൂടെ സഞ്ചരിച്ചാൽ മിസോറമിൽ നിന്ന് അസമിലെ സിൽച്ചറിലെത്താൻ 13 മണിക്കൂറിലേറെ നേരെ വേണം. ഈ റെയിൽപാത വന്നതോടെ യാത്രാ ദൈർഘ്യം മൂന്ന് മണിക്കൂറായി ചുരുങ്ങും. ഗതാഗതം സുഗമമാകുന്നതോടെ മേഖലയുടെ വികസനത്തിനും വേഗം കൈവരും. ഇത് സംസ്ഥാനത്തിന്റെ ആകെ വളർച്ചയ്ക്കും കാരണമാകും എന്നാണ് വിലയിരുത്തുന്നത്.
2023ൽ പാലത്തിന്റെ നിർമാണത്തിനിടെ സ്പാൻ തകർന്നുണ്ടായ അപകടത്തിൽ 23 തൊഴിലാളികൾ മരിച്ചു. ഇത് പദ്ധതി വൈകിപ്പിക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു. മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലുകളും നിർമാണത്തിന്റെ വേഗത കുറച്ചു. മണ്ണിടിച്ചിലിനെ അടക്കം ഒരുപരിധി വരെ പ്രതിരോധിക്കുന്ന രീതിയിലാണ് പാത നിർമിച്ചിരിക്കുന്നതെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.