വംശീയ കലാപം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. കുക്കി-മെയ്തെയ് മേഖലകളിൽ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. കലാപത്തിന് ഇരയായവരേയും സന്ദർശിക്കും. 8500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇംഫാലിലും ചുരാചന്ദ്പൂരിലും കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്.
കുക്കി ഭൂരിപക്ഷ പ്രദേശവും കലാപകാലത്ത് അക്രമങ്ങളുടെ കേന്ദ്രവുമായിരുന്ന ചുരാചന്ദ്പൂരിലേക്കാണ് പ്രധാനമന്ത്രി എത്തുന്നത്. 8500 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി മണിപ്പൂരിൽ തുടക്കം കുറിക്കുക. ഇതിൽ 7300 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടലും ഇതിൽ ഉൾപ്പെടും. ഇതിന് ശേഷം കാംഗ്ല കോട്ടമൈതാനിയിലെ പൊതുറാലിയിൽ പങ്കെടുക്കും. തുടർന്ന് കലാപബാധിതരായ ജനങ്ങളെ കാണും. കലാപബാധിതർക്കുള്ള പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് കരുതപ്പെടുന്നത്.
2023ൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കുന്നത്. മോദിയുടെ സന്ദർശനം നടക്കാനിരിക്കെ കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വലിയ തോതിൽ സംഘർഷങ്ങളുണ്ടായത് ആശങ്കാവഹമാണ്. നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ എതിർപ്പ് ഉയരുന്നുണ്ട്. മോദിയുടെ സന്ദർശനം ബഹിഷ്കരിക്കാൻ ആറ് നിരോധിത സംഘടനകൾ ആഹ്വാനം ചെയ്തു. മോദിയുടെ സന്ദർശനത്തിൽ മെയ്തികളിൽ വലിയൊരു വിഭാഗത്തിനും താത്പര്യമില്ല. കുക്കികളുമായി കേന്ദ്രം സമാധാന കരാർ ഒപ്പിട്ടതാണ് ഇതിന് കാരണം.