കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര ചാപ്റ്റര്‍ 1ന്റെ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഋഷഭ് ആരാധകര്‍ക്കായി ഒരു പുതിയ സര്‍പ്രൈസുമായി എത്തിയിരുന്നു. കാന്താര ചാപ്റ്റര്‍ 1ലെ ആല്‍ബത്തിനായി ഗായകന്‍ ദില്‍ജിത്ത് ദോസാഞ്ചുമായി ഒന്നിക്കുകയാണ് ഋഷഭ്.
ദില്‍ജിത്തും കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ ഋഷഭിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. “ബിഗ് ബ്രദര്‍ ഋഷഭ് ഷെട്ടിക്കൊപ്പം. കാന്താര എന്ന മാസ്റ്റര്‍ പീസ് നിര്‍മിച്ച ഈ വ്യക്തിക്ക് സല്യൂട്ട്. എനിക്ക് ഈ സിനിമയുമായി വ്യക്തപരമായ ബന്ധമുണ്ട്. അത് എനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ല. പക്ഷെ തിയേറ്ററില്‍ കാന്താര കണ്ടപ്പോള്‍ വരാഹ രൂപം എന്ന ഗാനം ഞാന്‍ അത്യധികം ആനന്ദത്തോടെ കേട്ട് കരഞ്ഞത് ഓര്‍ക്കുന്നു. ഇനി കാന്താര ചാപ്റ്റര്‍ 1 ഒക്ടോബര്‍ രണ്ടിന് എത്തുകയാണ്. തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കാനാവുന്നില്ല”, എന്നാണ് ദില്‍ജിത്ത് കുറിച്ചത്.
“കാന്താരയുടെ ആല്‍ബത്തിനായി ദില്‍ജിത്തിനൊപ്പം കൈകോര്‍ക്കുന്നതിന്റെ ആവേശത്തിലാണ്. ശിവന്റെ കൃപയില്‍ എല്ലാം ശരിയായി. ഒരുപാട് സ്‌നേഹം. മറ്റൊരു ശിവഭക്തന്‍ കാന്താരയെ കണ്ടുമുട്ടുന്നു”, എന്ന് ഋഷഭും എക്‌സില്‍ കുറിച്ചു.
ഋഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി സംവിധാനം ചെയ്ത 2022ലെ കാന്തരയുടെ പ്രീക്വലാണ് കാന്താര ചാപ്റ്റര്‍ 1. കാന്തര അദ്ദേഹത്തിന് വ്യാപകമായ പ്രശംസയും ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു. ഋഷഭ് ഷെട്ടി, ജയറാം, രാകേഷ് പൂജാരി, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഹോംബാലെ ഫിലിംസാണ് നിര്‍മാണം. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററിലെത്തും.