ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ജയത്തുടക്കം. എംബാപ്പെയുടെ ഇരട്ട ഗോൾ മികവിൽ മാഴ്‌സെയ്‌ലെയെ റയൽ 2-1നാണ് തോൽപ്പിച്ചത്. ഡാനി കാർവാളിന് 72ാം മിനിറ്റിൽ ചുവപ്പ് കാർഡ് ലഭിച്ച മത്സരത്തിൽ, 28, 81 മിനിറ്റുകളിലായാണ് എംബാപ്പെ ഇരട്ട പെനാൽറ്റി ഗോളുകൾ നേടിയത്. മാഴ്‌സെയ്‌ലെയ്ക്കായി തിമോത്തി വേഹ് ഒരു ഗോൾ മടക്കി.
പ്രീമിയർ ലീഗ് വമ്പന്മാരായ ആഴ്സണലിനും ടോട്ടനത്തിനും ജയം നേടാനായി. അത്‌ലറ്റിക് ക്ലബ്ബിനെ 2-0നാണ് ആഴ്സണൽ വീഴ്ത്തിയത്. ഗബ്രിയേലി മാർട്ടിനല്ലി (72), ലിയാൻഡ്രോ ട്രൊസ്സാർഡ് (87) എന്നിവരാണ് ഗോൾ സ്കോറർമാർ.
മറ്റു മത്സരങ്ങളിൽ വിയ്യാ റയലിനെ 1-0നാണ് ടോട്ടനം അട്ടിമറിച്ചത്. യുവൻ്റസ്-ഡോർട്ട്മുണ്ട് മത്സരം സമനിലയിൽ കലാശിച്ചു. ബെൻഫിക്കയെ ഖറാബാഗ് എഫ്‌കെ 3-2ന് വീഴ്ത്തിയപ്പോൾ, യൂണിയൻ സെയ്ൻ്റ് ഗില്ലോയ്സ് പിഎസ്‌വി ഐന്തോവനെ 3-1ന് തകർത്തു.
ഇന്ന് രാത്രി ചാംപ്യൻസ് ലീഗിൽ സൂപ്പർ പോരാട്ടങ്ങൾ നടക്കും. ബയേൺ മ്യൂണിക്ക് ചെൽസിയെ നേരിടും. ലിവർപൂൾ അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ പോരാട്ടവും ഇന്ന് നടക്കും. നിലവിലെ ചാംപ്യന്മാരായ പിഎസ്‌ജി ഇന്ന് അറ്റ്ലാൻ്റയെ നേരിടും. അതേസമയം, ഇൻ്റർമിലാൻ അയാക്സിനെയും നേരിടും.