എഐ എല്ലാ മേഖലയിലേക്കും കടന്നു വരികയാണല്ലോ, ഇനി അധികം വൈകാതെ എഐ നിയന്ത്രിക്കുന്ന യാത്രാവിമാനങ്ങളും രംഗപ്രവേശനം ചെയ്യുമെന്ന് ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. ലിങ്ക്ഡിന്നിലൂടെയാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം.
മനുഷ്യരേക്കാൾ കൃത്യതയോടെ തീരുമാനങ്ങളെടുക്കാനും ഡാറ്റകള്‍ വിശകലനം ചെയ്യാനും എഐക്ക് സാധിക്കുമെന്നാണ് ഗ്രിഫിത്ത്‌സ് പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന യാത്രാവിമാനങ്ങള്‍ വളരെ വേഗം തന്നെ സാധാരണമാകും. അങ്ങനെയൊരു വിമാനത്തില്‍ ആദ്യം കയറുന്ന വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എഐ വ്യോമയാന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം. എഐ നിയന്ത്രണത്തിലുള്ള വിമാനങ്ങള്‍ എന്നത് ഭയപ്പെടുത്തുന്ന ആശയമായി ഇപ്പോള്‍ തോന്നിയേക്കാം. പക്ഷേ അത് വളരെ വേഗം സംഭവിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരതയോടും കൃത്യതയോടും കൂടി എഐ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും പിഴവുകള്‍ക്കുള്ള സാധ്യത കുറച്ച് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് ഗ്രിഫിത്ത്‌സിന്റെ പ്രവചനം. വ്യോമയാന രംഗത്ത് എഐ എന്ത് മാറ്റം കൊണ്ടുവരുമെന്ന പതിവ് ചോദ്യത്തിന് തനിക്ക് ഒരു മറുപടി മാത്രമേ ഉള്ളൂ, എഐ വ്യോമയാന മേഖല കീഴ്‌മേല്‍ മറിക്കും.
ഇന്ന് ആളുകള്‍ ഇത് കേട്ട് ചിരിക്കുമായിരിക്കും. പക്ഷെ, വലിയ അളവിലുള്ള ഡാറ്റകള്‍ കൈകാര്യം ചെയ്യാനും അവിശ്വസനീയമായ കൃത്യതയോടെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തീരുമാനമെടുത്ത് സ്ഥിരതയോടും കൃത്യതയോടും പ്രവര്‍ത്തിക്കാനും എഐ എയര്‍ക്രാഫ്റ്റ് സംവിധാനത്തിന് സാധിക്കും. അങ്ങനെ പിശകുകള്‍ കുറയ്ക്കാനും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ പറയുന്നു.
പല നൂതന ആശയങ്ങളും തുടക്കത്തില്‍ എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. വിമാനയാത്രയും ലോകത്തിലെ ആദ്യ ഭൂഗര്‍ഭ മെട്രോ റെയില്‍ ശൃംഖലയായ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ടും ഇലക്ട്രിക് കാറുകളുമൊക്കെ തുടക്കത്തില്‍ അവിശ്വസനീയമായിരുന്നു. പക്ഷേ ഇന്ന് നമ്മള്‍ എവിടെ എത്തിയിരിക്കുന്നുവെന്ന് നോക്കുക. എഐ പൈലറ്റുമാരുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പ്രവചിച്ചു.