ശിവഗിരി, മുത്തങ്ങ പൊലീസ് നടപടികളെ ന്യായീകരിക്കാന്‍ മുന്‍ മുഖ്യമന്ത്രി എ. കെ. ആൻ്റണി നടത്തിയ വാര്‍ത്ത സമ്മേളനം തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. പ്രതിരോധിക്കാന്‍ ഇറങ്ങി രണ്ട് സംഭവങ്ങളിലും എ. കെ. ആൻ്റണി മാപ്പ് പറഞ്ഞത് കുറ്റസമ്മതമായി വ്യഖ്യാനിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.
എന്നാൽ വൈകിയ വേളയിലെ ആൻ്റണിയുടെ കുറ്റസമ്മതം കൊണ്ട് കാര്യമില്ലെന്നായിരുന്നു മുത്തങ്ങ സമര നായിക സി. കെ. ജാനുവിന്‍റെ പ്രതികരണം. മുത്തങ്ങയിലെ പൊലീസ് നടപടി യുഡിഎഫ് തീരുമാനപ്രകാരം തന്നെയാണ് നടന്നതെന്നായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്‍റ് കൂടിയായ കെ. മുരളീധരന്‍ പറഞ്ഞത്.
യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് എ. കെ. ആൻ്റണി ഇന്നലെ വിശദമായ വാര്‍ത്തസമ്മേളനം നടത്തിയത് എന്നാണ് വിശദീകരണം. വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് തന്നെ ആരും പ്രതിരോധിക്കാത്തതിലുള്ള അമര്‍ഷവും എ. കെ. ആൻ്റണി തുറന്നുപറഞ്ഞിരുന്നു.
ആന്‍റണിയുടെ വാര്‍ത്ത സമ്മേളനം അസ്ഥാനത്തായി പോയി എന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന പൊലീസ് അതിക്രമ ആരോപണങ്ങളുടെ മുന ഒടിച്ചെന്നുമാണ് പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം. നിയമസഭയില്‍ അവസാനിക്കേണ്ടിയിരുന്ന ഒരു വിഷയത്തെ പൊതു സമൂഹത്തില്‍ വീണ്ടും ചര്‍ച്ചക്ക് ഇത് വഴിയൊരുക്കി. പൊലീസ് അതിക്രമങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ അവസാനിച്ച് ശിവഗിരി, മുത്തങ്ങ വെടിവെപ്പിലേക്ക് ചര്‍ച്ച വഴിമാറിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ ഉയര്‍ന്ന് വന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ അക്കാലത്തെ മുഖ്യമന്ത്രിക്ക് നേരിട്ട് വാര്‍ത്ത സമ്മേളനം വിളിക്കേണ്ടി വന്നുവെന്നതിന്‍റെ അമര്‍ഷത്തിലാണ് ഒരു വിഭാഗം നേതാക്കള്‍. മുത്തങ്ങ വെടിവെപ്പിലെ പൊലീസ് നടപടി സായുധ കലാപം തടയാന്‍ യുഡിഎഫ് തീരുമാന പ്രകാരം തന്നെ നടന്നതാണെന്ന കെ. മുരളീധരന്‍റെ പ്രതികരണം എരിതീയില്‍ എണ്ണ ഒഴിക്കുന്നതായി മാറി. ഇതോടെ രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയമായി ആൻ്റണിയുടെ വാർത്താ സമ്മേളനം മാറിക്കഴിഞ്ഞു.