തെളിവുകൾ നിരത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടുകൊള്ള ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. വാദങ്ങൾ വാസ്തവ വിരുദ്ധവും, അടിസ്ഥാന രഹിതവുമാണെന്ന് കമ്മീഷൻ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
വോട്ടറുടെ വാദം കേൾക്കാതെ പട്ടികയിൽ നിന്ന് പേര് വെട്ടുക അസാധ്യം. 2023ൽ വോട്ട് വെട്ടാനുള്ള ശ്രമം ഉണ്ടായപ്പോൾ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാഹുൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. കൃത്യമായ കണക്കുകൾ നിരത്തിയാണ് കർണാടത ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടുവെട്ടൽ നടന്നതായി വെളിപ്പെടുത്തിയത്. വോട്ടൊഴിവാക്കൽ നടക്കുന്നത് സംഘടിതമായ ആസൂത്രണത്തിലെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെ നശിപ്പിക്കുന്നതിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കർണാടകയിൽ മാത്രം 6018 വോട്ടുകൾ വെട്ടിയതായാണ് കണക്കുകൾ കാണിക്കുന്നത്. ദശലക്ഷക്കണക്കിന് സാധാരക്കാരുടെ വോട്ടുകളാണ് വെട്ടിനീക്കിയത്. പ്രതിപക്ഷ പാർട്ടികളേയും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് ക്രമക്കേട് നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.