യുഎസിലെ പ്രമുഖനായ അവതാരകൻ ജിമ്മി കിമ്മൽ അവതരിപ്പിക്കുന്ന ടോക്ക് ഷോ റദ്ദാക്കി എബിസി നെറ്റ് വർക്ക്. ചാർളി കേർക്ക് വധവുമായി ബന്ധപ്പെട്ട പരാമർശമാണ് കിമ്മലിന് കട്ട് പറയാൻ കാരണം. വൈറ്റ ഹൗസിമന്റെ സമ്മർദവും കാരണമായെന്ന് റിപ്പോർട്ടുകളുണ്ട്. ചാർളി കേർക്കിന്റെ കൊലപാതകം മാഗാ ഗ്യാംഗ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഉപയോഗിക്കുന്നുവെന്ന പരാമർശമാണ് കിമ്മലിന് പണിയായത്.
ഷോ നിർത്തിവച്ചതിൽ ട്രംപിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. “അമേരിക്കയ്ക്ക് സന്തോഷവാർത്ത: ജിമ്മി കിമ്മലിന്റെ ഷോ റദ്ദാക്കി. ചെയ്യേണ്ടത് ചെയ്യാൻ ഒടുവിൽ ധൈര്യം കാണിച്ചതിന് എബിസിക്ക് അഭിനന്ദനങ്ങൾ. കിമ്മലിന് കഴിവില്ല,കോൾബെർട്ടിനെക്കാൾ മോശം റേറ്റിംഗുമാണ്.” ട്രംപ് തന്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ചാർളി കേർക്കിന്റെ കൊലപാതകിയെ കോടതിയിൽ വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. ചാർളി കേർക്കിന്റെ കൊലപാതകി തങ്ങളിലൊരാൾ അല്ലെന്ന് സ്ഥാപിക്കാൻ മാഗാ ഗ്യാംഗ് ശ്രമിക്കുന്നുവെന്നായിരുന്നു കിമ്മലിന്റെ ആരോപണം. വെടിവയ്പിന് പിന്നാലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയതും ട്രംപിന്റെ പ്രതികരണവുമുൾപ്പെടെ കിമ്മൽ തന്റെ പരിപാടിയിലൂടെ വിമർശിച്ചിരുന്നു.
2003 മുതൽ കിമ്മലിന്റെ രാത്രികാല പരിപാടി സംപ്രേഷണം ചെയ്തുവരുന്ന എബിസി കഴിഞ്ഞ ദിവസം മുതൽ ഷോ നിർത്തുന്നതായി അറിയിക്കുകയായിരുന്നു. കേർക്കിന്റെ മരണത്തെക്കുറിച്ചുള്ള കിമ്മലിന്റെ പരാമർശങ്ങൾ രാജ്യത്തെ ദേശീയ രാഷ്ട്രീയം സംഘർഷഭരിതമായി നിൽക്കുന്ന നിർണായക സമയത്ത് കുറ്റകരവും വൈകാരികവുമാണെന്ന് നെക്‌സ്‌സ്റ്റാറിന്റെ പ്രക്ഷേപണ വിഭാഗം പ്രസിഡന്റ് ആൻഡ്രൂ ആൽഫോർഡ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിരന്തരം വിമർശിക്കുന്ന വ്യക്തിയാണ് ഓസ്കർ അവതാരകൻ കൂടിയായ കിമ്മൽ.