ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ടേൺ ഗ്രൂപ്പ് (TERN Group) എന്ന ആഗോള തലത്തിലെ ഏറ്റവും ശ്രദ്ധേയമായ എഐ പ്ലാറ്റ്‌ഫോമിൻ്റെ പരിശ്രമത്തിൽ നിർണായക ചുവടുവയ്പ്പ്. ഇന്ത്യയെ ലോകത്തിൻ്റെ നൈപുണ്യ തലസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിനായി യുകെ ആസ്ഥാനമായ ടേൺ ഗ്രൂപ്പ് കമ്പനി 24 മില്യൺ ഡോളറിന്റെ സീരീസ് എ ഫണ്ടിംഗ് സമാഹരിച്ചു. യുകെയിലെ നോഷൻ ക്യാപിറ്റലിന്റെ നേതൃത്വത്തിൽ, ആർടിപി ഗ്ലോബൽ, ലോക്കൽഗ്ലോബ്, ഇക്യു2 വെഞ്ചേഴ്സ്, ലിയോ ക്യാപിറ്റൽ എന്നിവയും നിലവിലെ നിക്ഷേപകരായ പ്രീസൈറ്റ്, ഡിഎസ്ടി ഗ്ലോബലിന്റെ സഹസ്ഥാപകൻ ടോം സ്റ്റാഫോർഡ്, മുൻ എൻഎച്ച്എസ് ചെയർമാൻ, എഎക്സ്എ ഹെൽത്ത്കെയർ സിഇഒ, ഉന്നത നയരൂപീകരണ വിദഗ്ധർ എന്നിവരും ഈ ഫണ്ടിംഗിൽ പങ്കാളികളായി. ഇതോടെ ടേൺ ഗ്രൂപ്പിന്റെ മൊത്തം ഫണ്ടിംഗ് 33 മില്യൺ ഡോളറായി ഉയർന്നു. ഐഐടി ബോംബെ പൂർവവിദ്യാർത്ഥികളും യൂർബൻ കമ്പനിയിലും കാർസ്24-ലും മുൻ മുതിർന്ന എക്സിക്യൂട്ടീവുകളുമായ രണ്ടാം തവണ സംരംഭകരാണ് ടേൺ ഗ്രൂപ്പിന് പിന്നിൽ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനി 10 മടങ്ങ് വളർച്ച കൈവരിച്ച് 200 കോടി രൂപയുടെ വാർഷിക വരുമാനത്തോടടുത്ത് 13 രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.