എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം രൂപയായി കുത്തനെ ഉയര്‍ത്തിയ നടപടിയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ്. പുതുക്കിയ ഫീസ് ഒറ്റത്തവണ മാത്രം ഈടാക്കുന്നതാണെന്നും പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നാണ് വിശദീകരണം.
വെള്ളിയാഴ്ച ഫീസ് പ്രഖ്യാപിച്ചു കൊണ്ട് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞത് ഫീസ് വര്‍ഷം തോറും നല്‍കണമെന്നും പുതിയ വിസയ്ക്കും വിസ പുതുക്കുന്നവര്‍ക്കും നിയമം ബാധകമാണെന്നുമായിരുന്നു.
ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലീന്‍ ലിവിറ്റ് വിശദീകരണവുമായി എത്തിയത്. വാര്‍ഷിക ഫീസ് അല്ലെന്നും പുതിയ അപേക്ഷകര്‍ ഒറ്റത്തവണ മാത്രം അടക്കേണ്ടതാണെന്നും കരോലീന്‍ വ്യക്തമാക്കി. നിലവിലുള്ള വിസ ഹോള്‍ഡേഴ്‌സിന് ഭേദഗതി ബാധകമല്ല. വിശദീകരണം സോഷ്യല്‍മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ എച്ച്-1 ബി വിസ ഉള്ള രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് തിരികേ പ്രവേശിക്കാന്‍ ഒരു ലക്ഷം ഡോളര്‍ നല്‍കേണ്ടെന്ന് കരോലീന്‍ വ്യക്തമാക്കി. അവര്‍ക്ക് മുന്‍പത്തേതു പോലെ രാജ്യത്തിന് പുറത്തു പോകാനും തിരച്ചു വരാനും സാധിക്കും.
പുതിയ ഭേദഗതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഹോവാര്‍ഡ് ലുട്‌നിക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് കമ്പനികളടക്കം ആശങ്കയിലായിരുന്നു. വിദേശ തൊഴിലാളികളെ പ്രഖ്യാപനം ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് കണ്ടെത്താന്‍ പാടുപെടുകയായിരുന്നു യുഎസ് കമ്പനികള്‍. പല കമ്പനികളും ജീവനക്കാരോട് രാജ്യം വിടരുതെന്ന് മുന്നറിയിപ്പ് നല്‍കി.
പ്രഖ്യാപനത്തിനു പിന്നാലെ, യുഎസില്‍ നിന്നും മടങ്ങാനിരുന്ന യാത്രക്കാര്‍, അമേരിക്കയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുവദിക്കുമോ എന്ന ആശങ്കയില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എച്ച്-1 ബി വിസകളിലൂടെയാണ് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ തുടങ്ങിയ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നത്. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കുള്ള വിസ പിന്നീട് ആറ് വര്‍ഷത്തേക്ക് നീട്ടാം.