സമദൂര നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ. കെ.സി. വേണുഗോപാലോ രമേശ് ചെന്നിത്തലയോ ജി. സുകുമാരൻ നായരെ നേരിട്ട് കണ്ടേക്കും. ശബരിമല വിഷയത്തിൽ ഉൾപ്പെടെ പാർട്ടി നിലപാട് വിശദീകരിക്കും.
ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസിന് എതിരെ ആഞ്ഞടിച്ചായിരുന്നു കഴിഞ്ഞ ദിവസം എൻഎസ്എസിൻ്റെ പ്രതികരണം. കോൺഗ്രസിന് ഹിന്ദു വോട്ടുകൾ വേണ്ട. അവരുടെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകൾ മാത്രമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് അയ്യപ്പ സംഗമം ബഹിഷ്കരിച്ചത്. നാമജപ ഘോഷയാത്രയിൽ പോലും കോൺഗ്രസും ബിജെപിയും പങ്കെടുത്തില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, എൽഡിഎഫ് സർക്കാരിനെ ജി. സുകുമാരൻ നായർ പുകഴ്ത്തുകയും ചെയ്തു. സ്ത്രീ പ്രവേശനത്തെ എൽഡിഎഫ് സർക്കാർ പിന്നീട് ശക്തിപ്പെടുത്തിയില്ല. ആചാരങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുകയാണ് പിന്നീട് സർക്കാർ ചെയ്തതെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുമെന്ന് എൻഎസ്എസിന് എൽഡിഎഫ് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പ സംഗമവുമായി സഹകരിച്ചതെന്നും ശബരിമലയ്ക്കായി ബിജെപി സർക്കാർ ഒന്നും ചെയ്തില്ലെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്നും നടക്കുന്നത് അയ്യപ്പ ഭക്തന്മാരെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരിപാടി ബഹിഷ്കരിച്ചത്. വോട്ട് തട്ടാനുള്ള എൽഡിഎഫ് കുതന്ത്രമാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പിന്നീട് വ്യക്തത വരുത്താമെന്നും പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നത്.