ഉത്തരാഖണ്ഡ് ധരാലിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 67 പേരെ മരിച്ചതായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തമുണ്ടായി 52 ദിവസങ്ങൾ പിന്നിട്ടിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. സാധാരണയായി ഒരാളെ കാണാതായാൽ ഏഴ് വർഷത്തിനുശേഷം മാത്രമാണ് നിയമപരമായി മരിച്ചതായി പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തിയും ബന്ധുക്കളുടെ പ്രത്യേക അഭ്യർത്ഥനയും പരിഗണിച്ച് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഈ നിയമപരമായ നിബന്ധന ഒഴിവാക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നൽകുകയായിരുന്നു.
ഈ നടപടിക്ക് പിന്നിലെ പ്രധാന ലക്ഷ്യം, കാണാതായവരുടെ ബന്ധുക്കൾക്ക് അടിയന്തര സഹായധനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ്. മരിച്ചതായി പ്രഖ്യാപിക്കുന്നതോടെ, ആശ്രിതർക്ക് ഇൻഷുറൻസ് തുക, സർക്കാർ സഹായങ്ങൾ, മറ്റ് നിയമപരമായ ആനുകൂല്യങ്ങൾ എന്നിവ വേഗത്തിൽ ലഭിക്കാൻ ഇത് വഴിയൊരുക്കും. നിലവിൽ, പ്രളയത്തിൽ കാണാതായവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ജില്ലാ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ കൈകാര്യം ചെയ്യാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുകയും ജില്ലാ മജിസ്‌ട്രേറ്റ് അപ്പീൽ അധികാരിയായി പ്രവർത്തിക്കുകയും ചെയ്യും.