കമ്പനിയുടെ പാക്കിങ്ങിലെ പിഴവിനെ തുടർന്ന് തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് മാറിയതിൽ നടപടിയുമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്. ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തു. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് മാറി നൽകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആർ സി സി അറിയിച്ചു. മാറിപ്പോയ ഗുളിക രോഗികൾക്ക് നൽകിയിട്ടില്ലെന്നും വിശദീകരണം.
ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കാണ് ഗുരുതരമായ പിഴവുണ്ടായത്. ടെമോസോളോമൈഡ് 100 എന്ന് പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ് ഫിഫ്റ്റി എന്ന ഗുളികയുടെ കുപ്പിയായിരുന്നു. ശ്വാസകോശ ക്യാൻസറിനും വൃഷ്ണത്തെ ബാധിക്കുന്ന ക്യാൻസറിനും ഉള്ള കീമോതെറാപ്പി ഗുളികയാണ് എറ്റോപോസൈഡ്. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് നൽകുന്ന കീമോതെറാപ്പി മരുന്നാണ് ടെമോസോളോമൈഡ് 100. ആർസിസി ജീവനക്കാരാണ് പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്.